കോവിഡ്: സൗദിയിലെ പ്രധാന നഗരങ്ങളിൽ 24 മണിക്കൂർ കർഫ്യു
Tuesday, April 7, 2020 5:33 PM IST
റിയാദ്: കൊറോണ വൈറസ് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി റിയാദ്, തബൂക്, ദമാം, ദഹ്റാൻ, ഹൊഫൂഫ് എന്നീ നഗരങ്ങളിൽ കൂടി 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തി.

നഗരങ്ങളിൽ ഭാഗികമായി കർഫ്യു നേരത്തെ ഏർപ്പെടുത്തിയിരുന്ന തായിഫ്, ജിദ്ദ, ഖതീഫ്, അൽകോബാർ എന്നിവിടങ്ങളിൽ എല്ലാ പ്രദേശങ്ങളെയും കർഫ്യുവിൽ ഉൾപ്പെടുത്തി.

കർഫ്യു ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ കുട്ടികളെ ഒരു കാരണവശാലും പുറത്തിറക്കരുതെന്നും ഒരു കാറിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്നും കർശന നിർദ്ദേശം നൽകി. അവശ്യ സർവീസുകൾക്കും ജോലിക്കുമായി പുറത്തിറങ്ങുന്നവർ അവരുടെ അനുമതി പത്രവും തിരിച്ചറിയൽ കാർഡും കൈവശം വെക്കണം.

സൗദി അറേബ്യയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും വർധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി 82 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ രോഗം ബാധിച്ചവരുടെ എണ്ണം 2605 ആയി. റിയാദിലും തബൂക്കിലും ആണ് കാര്യമായ വർധനവുണ്ടാ‍യത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ