കുവൈത്തിലെ അബാസിയയിലും മഹബുള്ളയിലും സമ്പൂർണ ലോക്ക്‌ ഡൗൺ
Tuesday, April 7, 2020 5:36 PM IST
കുവൈത്ത്‌ സിറ്റി : കൊറോണ വൈറസ് വിദേശികള്‍ക്കിടയില്‍ വ്യാപിക്കുന്നതിനെ തുടര്‍ന്നു ശക്തമായ നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍. വിദേശികള്‍ ഏറെയുള്ള അബാസിയയിലും മഹബുള്ളയിലും സമ്പൂർണ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയതായി മന്ത്രിസഭ പ്രഖ്യാപിച്ചു.
ഇവിടങ്ങളിൽ നിലവിലെ കർഫ്യൂ സമയം ദീർഘിപ്പിക്കുകയും രാജ്യത്തെ സർക്കാർ ഓഫീസുകളുടെ അവധി ഏപ്രിൽ 26 വരെ നീട്ടുകയും ചെയ്തതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

പുതുക്കിയ കർഫ്യൂ സമയം വൈകുന്നേരം 5 മുതൽ രാവിലെ 6 വരെയാണ്. കൊറോണ വൈറസ്‌ വ്യാപനത്തെ തുടർന്നു മാർച്ച്‌ 22 മുതൽ രാജ്യത്ത്‌ ഭാഗിക കർഫ്യൂ നിലനിൽക്കുകയാണ് . രാജ്യത്ത്‌ കൊറോണ വൈറസ്‌ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണു മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതര്‍ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ