സ്വര്‍ണപ്പാളി വിവാദം: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Friday, September 19, 2025 11:15 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേത്തിന് അനുമതിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും അതിന്റെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ നേരത്തെയും പരിഗണിച്ചിട്ടുണ്ടെന്നും ഗൗരവതരമായ വിഷയമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയെന്നും കുറ്റക്കാരെ സർക്കാരും ദേവസ്വം ബോർഡ് സംരക്ഷിക്കുന്നെന്നും സതീശന് വിമര്‍ശിച്ചു.
ശബരിമലയോട് സർക്കാർ അവഗണന തുടരുകയാണെന്നും ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാതിരുന്നതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
എന്നാല്‍ കോടതിയോടും സഭയോടും പ്രതിപക്ഷം പരാക്രമം കാണിക്കുന്നെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.കോടതിയിൽ ഇരിക്കുന്ന വിഷയം സഭയ്ക്ക് പരിഗണിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമായി അറിയാം. പ്രതിപക്ഷത്തിന് കൊതിക്കെറുവാണ്. അയ്യപ്പ സംഗമം കലക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന്റെ അതൃപ്തിയാണെന്നും മന്ത്രി പരിഹസിച്ചു.
മൂന്നുദിവസം അടിയന്തരപ്രമേയം ചർച്ച ചെയ്തതിന്റെ ക്ഷീണം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഇരിക്കേണ്ടി വരുമോയെന്ന് പ്രതിപക്ഷത്തിന് ആശങ്കയാണ്. സഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.