കോവിഡ് 19: അബാസിയയിലെ പ്രവേശന കവാടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു
Tuesday, April 7, 2020 5:50 PM IST
കുവൈത്ത് സിറ്റി: സമ്പൂർണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ആഭ്യന്തര മന്ത്രാലയം പൊതുമരാമത്ത് മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ അബാസിയയിലെ പ്രവേശന കവാടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

കൊറോണ വൈറസ്‌ വ്യാപനത്തെ തുടർന്നു മാർച്ച്‌ 22 മുതൽ രാജ്യത്ത്‌ ഭാഗിക കർഫ്യൂ നിലവിലിരിക്കെയാണ് മന്ത്രിസഭ അബാസിയയിലും മഹബുള്ളയിലും സമ്പൂർണ ലോക് ഡൗണ്‍ നടപ്പിലാക്കിയത്. ഈ സാഹചര്യത്തില്‍ ജലീബില്‍ നിന്നും തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നത് കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾക്ക് ഫലമില്ലാതാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കിയത്.

പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും ഏരിയ തിരിച്ചുള്ള കർഫ്യൂ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകി. ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം ചെക്ക് പോയിന്‍റ് വഴി പരിമിതപ്പെടുത്തുമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ