റംസാനിൽ പ്രതിദിനം ആയിരത്തിലേറെ പേര്‍ക്ക് ഇഫ്താര്‍ കിറ്റുകളെത്തിച്ച നിര്‍വൃതില്‍ "സമസ്ത ബഹറിൻ' പെരുന്നാളാഘോഷം
Saturday, May 23, 2020 8:24 PM IST
മനാമ: റംസാന്‍റെ 30 ദിവസവും ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇഫ്താര്‍ വിരുന്നൂട്ടിയ നിര്‍വൃതിയോടെയാണ് സമസ്ത ബഹറിൻ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.

ബഹറിന്‍ തലസ്ഥാന നഗരിയായ മനാമയിലെ ഗോള്‍ഡ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ബഹറിന്‍ കേന്ദ്ര മദ്രസയായ മനാമ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ മദ്റസയു‍ടെ നേതൃത്വത്തിലാണ് ബഹറിനില്‍ വിവിധ ഏരിയകളിലായി ആയിരക്കണക്കിനു പേര്‍ക്ക് സംഘാടകര്‍ ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.

റംസാന്‍റെ തുടക്കത്തില്‍ സമസ്ത ബഹറിന്‍ ഓഫീസ് പരിസരത്ത് നല്‍കിയിരുന്ന കിറ്റ് വിതരണം, കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ പിന്നീട് പബ്ലിക്ക് വിതരണം ഒഴിവാക്കി പ്രവാസികളുടെ ഫ്ലാറ്റുകള്‍ തോറും എത്തിച്ചാണ് വിതരണം പൂര്‍ത്തിയാക്കിയത്.

രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ ക്വാറന്‍റൈനായി പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗുകളിലെ മുഴുവനാളുകള്‍ക്കും സമസ്ത ബഹറിൻ പ്രവര്‍ത്തകര്‍ ഇഫ്താര്‍ കിറ്റുകളെത്തിച്ച് നല്‍കിയിരുന്നു.
ഇപ്രകാരം ഗുദൈബിയ, ഹൂറ, ഹമദ് ടൌൺ, മുഹറഖ്, ഉമുൽഹസം തുടങ്ങി വിവിധ ഭാഗങ്ങളില്‍ സമസ്തയുടെ ഇഫ്താര്‍ കിറ്റുകളെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കാപിറ്റല്‍ കമ്മ്യൂണിറ്റി സെന്‍ററിന്‍റെ മേല്‍ഘടകമായ കാപിറ്റല്‍ ഗവര്‍ണറേറ്റാണ് ഇഫ്താര്‍ കിറ്റുകളുടെ മുഖ്യ സ്പോണ്‍സര്‍മാര്‍. കൂടാതെ മലബാര്‍ ഗോള്‍ഡ്, ഫുഡ് വേള്‍ഡ്, ശിഫ അല്‍ ജസീറ തുടങ്ങിയ ബഹറിനിലെ പ്രമുഖ സ്ഥാപനങ്ങളും ഈ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു.

സമസ്ത ബഹറിന്‍ ഭാരവാഹികള്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്തിലാണ് സമസ്ത ബഹറിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ബഹ്റൈനിലുടനീളം 15 ഏരിയകളിലായി സമസ്തയുടെ മദ്രസകളുള്‍പ്പെടെയുള്ള സേവനവും പ്രവാസികള്‍ക്ക് ലഭ്യമാണ്.

റംസാനു ശേഷവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റു സേവന പ്രവര്‍ത്തനങ്ങളുമായി സമസ്ത ബഹറിന്‍ പ്രവാസികള്‍ക്കൊപ്പമുണ്ടാകുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.