സൗദിയിൽ രണ്ടാംഘട്ട ഇളവുകൾ പ്രാബല്യത്തിൽ, ഇനി വേണ്ടത് അതീവ ജാഗ്രത
Sunday, May 31, 2020 12:13 PM IST
റിയാദ്: രണ്ടര മാസത്തെ അതീവ ജാഗ്രതയും നിയന്ത്രണങ്ങളും പടിപടിയായി പിൻവലിച്ചു ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൗദിയിൽ രണ്ടാം ഘട്ട ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.

ആദ്യഘട്ടമായി രണ്ടു ദിവസം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞു 3 വരെയുള്ള ഇളവുകൾക്കു ശേഷം ജൂൺ 20 വരെ നിലനിൽക്കുന്ന രണ്ടാം ഘട്ടത്തിൽ കാലത്ത് 6 മുതൽ രാത്രി 8 വരെ ആളുകൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങാം.

സ്വകാര്യ , പൊതുമേഖലയിലുള്ള സ്ഥാപനങ്ങളും മസ്‌ജിദുകളും വീണ്ടും ഇന്നു മുതൽ സജീവമാകുന്നതോടെ ജനങ്ങളാണ് ഇനി മുതൽ അതീവ ജാഗ്രത കാണിക്കേണ്ടത്. കൊറോണ വൈറസിൽ നിന്നും സ്വയം പ്രതിരോധം തീർക്കാനുള്ള സ്വയം ആർജിത കഴിവുകൾ കൂടി പരീക്ഷിക്കപ്പെടുന്ന ഒരു കാലഘട്ടമാണ് ഇനിയുള്ളത്. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും മസ്‌ജിദുകളും ഓഫീസുകളും തുറക്കുന്നത്. എത്ര ശ്രദ്ധിച്ചാലും ഈ സൂക്ഷ്മാണുവിലൂടെയുള്ള രോഗവ്യാപനം തടയാനാവില്ലെന്ന ബാലപാഠം നാം ഇതിനകം പഠിച്ചു കഴിഞ്ഞതാണ്. കഴിഞ്ഞ കാല അനുഭവങ്ങളായിരിക്കണം ഇനിയുള്ള ദിവസങ്ങളിൽ നമ്മെ നയിക്കേണ്ടത്.

സൗദിയിൽ രോഗബാധിതരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ശനിയാഴ്ച 1870 പേർ സുഖം പ്രാപിച്ചപ്പോൾ പുതിയ രോഗികൾ 1618 മാത്രമാണ്. 22 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 480 ആയി. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുമ്പോഴും ഇപ്പോൾ ചികിത്സയിലുള്ളവർ 24,021 രോഗികൾ മാത്രമാണ്. ബാക്കി 58,883 പേരും രോഗമുക്തി നേടി. മക്ക, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണത്തിൽ വർധന കാണിക്കുന്നത്.

കോവിഡ് മഹാമാരിയെ എല്ലാ സന്നാഹങ്ങളോടും കൂടി നേരിടുന്ന സൗദി അറേബ്യ സുരക്ഷിതമായി ഈ പ്രതിസന്ധിയെ മറികടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ.തൗഫീഖ് അൽറബീഅ പ്രത്യാശ പ്രകടിപ്പിച്ചു. അൽ അറബിയ്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ജനങ്ങൾ വൈറസിനെ പ്രതിരോധിക്കാൻ കാണിക്കുന്ന ഉന്നതമായ അവബോധം വലിയ പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 70 ശതമാനത്തോളം രോഗബാധിതരെ വൈറസിന്റെ പിടിയിൽ നിന്നും രക്ഷിക്കാനായിട്ടുണ്ട്. ജി 20 രാജ്യങ്ങളിൽ സൗദിയിലെ മരണനിരക്ക് ഏറ്റവും കുറഞ്ഞതാണ്. എന്നാൽ ജനങ്ങളുടെ ചില നടപടികൾ ഏറെ ദുഃഖിതനാക്കിയിട്ടുണ്ട്. സഹകരണമനോഭാവമില്ലെങ്കിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഏറ്റവും ഫലപ്രദമായ ചികിത്സാരീതിയാണ് സൗദി ആരോഗ്യ മന്ത്രാലയം പിന്തുടരുന്നത്. കോവിഡിനെതിരെ ഒരു വാക്‌സിൻ ലഭ്യമായാൽ ഉടനെ അത് സൗദിയിലും എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇതിലൊന്നും യാതൊരു ആശങ്കയും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നു മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്. യാത്ര സുരക്ഷിതമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവിടെയും ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. നേരത്തെ യാത്രക്കാരെ അറിയിച്ചിരിക്കുന്ന കൃത്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തവർക്ക് യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരിക്കില്ലെന്നു സിവിൽ ഏവിയേഷൻ അതോറിട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നു മുതൽ പൊതുസ്ഥലങ്ങളിലേക്കിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. മാസ്കില്ലാതെ പൊതുസ്ഥലങ്ങളിൽ ആളുകളെ കണ്ടാൽ 1000 റിയാലാണ് പിഴ. സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശ പ്രകാരമുള്ള മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ 10,000 റിയാലും പിഴ ലഭിക്കും. 50 പേരിൽ അധികരിക്കാത്ത ആളുകളുടെ ഒത്തുചേരലുകൾക്കും അനുമതിയുണ്ട്. കല്യാണം, പാർട്ടികൾ എന്നിവ നടത്താം. സ്ഥാപനങ്ങളിലും കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. ഇനി മുതൽ വൈറസ് വ്യാപനം തടയുന്നതിനുള്ള ഉത്തരവാദിത്വം പൊതുജനങ്ങളിലായിരിക്കും. ബോധവൽക്കരണത്തോടൊപ്പം ആരോഗ്യ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും നൽകേണ്ടി വരും. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുമായിരിക്കണം ജനങ്ങൾ പുറത്തിറങ്ങേണ്ടതും പൊതുജീവിതവുമായി ബന്ധപ്പെടേണ്ടതും. സ്വന്തം ആരോഗ്യത്തോടൊപ്പം സമൂഹത്തിന്‍റെ ആരോഗ്യവും ഓരോ വ്യക്തിയുടെയും കൈകളിലാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ