വിസിറ്റിംഗ് വിസകളുടെ കാലാവധി ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു
Monday, June 1, 2020 12:45 PM IST
കുവൈറ്റ് സിറ്റി: സന്ദർശന വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസ നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധി കാരണം പല രാജ്യങ്ങളിലെയും വ്യോമ ഗതാഗതം ആരംഭിക്കാത്തതിനാല്‍ നൂറ് കണക്കിന് ആളുകളാണ് രാജ്യത്ത് മാതൃ രാജ്യത്തേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിയിരിക്കുന്നത്.

പുതിയ തീരുമാന പ്രകാരം സന്ദർശന വിസകളില്‍ എത്തി എത്തി കാലാവധി അവസാനിച്ചവർക്ക്‌ ഓഗസ്റ്റ് 31 വരെ സ്വമേധയാ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ, ടൂറിസം, കുടുംബം സന്ദർശന വിസയിൽ പ്രവേശിച്ച എല്ലാവര്‍ക്കും ആർട്ടിക്കിൾ 14 (താൽക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ നീട്ടി നല്കും. നേരത്തെ സന്ദർശക വിസയിൽ എത്തിയവർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് പ്രതിമാസം 1 കെഡി നിരക്കിൽ പിഴ നല്‍കി പുതുക്കാമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കോവിഡ് പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും നീണ്ട് പോകുന്ന ഘട്ടത്തില്‍ മലയാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമായി.

കര്‍ഫ്യൂ മൂലം താമസ വിസ പുതുക്കാന്‍ സാധിക്കാത്ത വിദേശികള്‍ക്കും പിഴയില്‍ നിന്നും ഇളവുകള്‍ ലഭിക്കും. അതോടപ്പം പുതിയ വിസയില്‍ എത്തി വിരലടയാളം പോലുള്ള തടസ്സങ്ങൾ നേരിടുന്ന വിവിധ വിഭാഗം വിസക്കാരുടെയും കാലാവധി ഓഗസ്ത്‌ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതോടപ്പം രാജ്യത്തിന് പുറത്തേക്ക് അവധിക്ക് പോയ വിദേശികള്‍ക്ക് 12 മാസത്തിനുള്ളില്‍ രാജ്യത്ത് പ്രവേശിച്ചാല്‍ മതിയെന്നും ആഭ്യന്തരം മന്ത്രാലയം നിര്‍ദ്ദേശിച്ചു. നേരത്തെ ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പുറത്ത് പോയവര്‍ തിരിച്ച് വന്നില്ലെകില്‍ താമസ വിസ റദ്ദാകുമായിരുന്നു.ഇതാണ് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ തീരുമാനം ആയിരക്കണക്കിന് വിദേശികള്‍ക്ക് ഗുണകരമാകും.

റിപ്പോർട്ട്: സലിം കോട്ടയിൽ