സൗദിയിൽ 3989 പുതിയ രോഗികൾ: 40 പേർ മരിച്ചു
Monday, June 29, 2020 11:32 AM IST
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 3989 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,82,493 ആയതായി ആരോഗ്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. വൈറസ് ബാധയിൽ ചെറിയ വർധനവ് ഉണ്ടായതോടെ പൊതുജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.

ഞായറാഴ്ച 2,627 പേർക്ക് കൂടി രോഗമുക്തിയായി. ഇതോടെ രോഗം പൂർണ്ണമായും മാറിയവരുടെ എണ്ണം 1,24,755 ആയി. ഇപ്പോൾ ചികിത്സയിലുള്ളവരിൽ 2277 പേർ അത്യാഹിത വിഭാഗത്തിലാണ്. 40 പേർ കൂടി മരണപ്പെട്ടതോടെ ആകെ 1551 പേര് ഇതുവരെ മരണത്തിനു കീഴടങ്ങി.
പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ വിവിധ പ്രവിശ്യകളിലെ വ്യാപനം ഇപ്രകാരമാണ്. ഹൊഫൂഫ് 487, റിയാദ് 389, ദമ്മാം 320, മക്ക 310, തായിഫ് 275, മദീന 186, അൽ മുബറസ് 183, ഖമീസ് മുഷായിത് 171, ഖതീഫ് 151, ജിദ്ദ 121, അബഹ 120, ഹഫർ അൽ ബാത്തിൻ 104.

ആരോഗ്യ മന്ത്രാലയം ദിവസേന നടത്തുന്ന കൊറോണ വൈറസ് ടെസ്റ്റ് ഇരട്ടിയാക്കിയതായി മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ 1,000 ടെസ്റ്റുകൾ മാത്രമായിരുന്നു നടന്നിരുന്നതെങ്കിൽ ഇപ്പോൾ ഏകദേശം 45,000 ടെസ്റ്റുകളാണ് നടക്കുന്നത്. ഇതുവരെ 15 ലക്ഷം ടെസ്റ്റുകളിലേറെ നടന്നതായും ആരോഗ്യ വകുപ്പ് പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ