പ്രവാസികൾക്ക് ഓൺലൈൻ വോട്ടവകാശം : ജെസിസി കുവൈത്ത് തെരഞ്ഞെടുപ്പു കമ്മീഷന് ഇ-മെയിൽ അയച്ചു
Tuesday, July 7, 2020 4:58 PM IST
കുവൈറ്റ് സിറ്റി: കോവിഡ് പാശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ പ്രവാസികളുടെ വോട്ട് ഓൺലൈൻ സംവിധാനം വഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജെസിസി കുവൈത്ത്, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഇമെയിൽ സന്ദേശം അയച്ചു.

80 വയസിനുമേൽ പ്രായമുള്ളവർക്കും ശാരീരിക അവശത ഉള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്തപ്പോഴും, കഴിഞ്ഞ ദിവസം 65 വയസ് കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും പോളിംഗ് ബൂത്തിൽ വന്നാൽ കോവിഡ് വ്യാപനം എന്ന ആശങ്കയിൽ മുൻകരുതലിന്‍റെ ഭാഗമായി, അവർക്ക് തപാൽ വോട്ട് ചെയ്യാൻ വിജ്ഞാപനം ഭേദഗതി ചെയ്തപ്പോഴും പ്രവാസികളുടെ വോട്ട് പരിഗണിക്കപ്പെടുക ഉണ്ടായില്ല.

പ്രവാസികളുടെ നിരന്തരമായ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നാണ് പ്രവാസി വോട്ടവകാശം. 2014-ൽ പ്രവാസി വോട്ടവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയതിനു ശേഷമാണ്, തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താം എന്ന ഭേദഗതി വരുത്തിയത്. അതിനുശേഷം കാര്യമായ ഒരു പുരോഗതിയും പ്രവാസികളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട് കമ്മീഷന്‍റെ ഭാഗത്തു നിന്നോ, കേന്ദ്രസർക്കാറിന്‍റെ ഭാഗത്ത് നിന്നോ ഉണ്ടായില്ല.

കോവിഡ് പാശ്ചാത്തലത്തിൽ ഇന്ത്യയടക്കം മുഴുവൻ രാജ്യങ്ങളും സർക്കാർ സംവിധാനങ്ങളടക്കം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. ഈ അവസരത്തിൽ സങ്കേതികത്വം പറത്ത് പ്രവാസികളെ അവഗണിക്കാതെ, ഓൺലൈൻ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പറും വിരലടയാളവും ഉപയോഗിച്ച്, ഓരോ പൗരന്മാരുടെയും മൗലിക അവകാശമായ വോട്ടവകാശം പ്രവാസികൾക്കും അനുവദിക്കണമെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) മിഡിൽ-ഈസ്റ്റ് കമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ്, കുവൈത്ത് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ വഹാബ്, സെക്രട്ടറി ടി.പി അൻവർ എന്നിവർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ