റിയാദിൽ കോവിഡ് മരണം കൂടുന്നു: സൗദിയിൽ വെള്ളിയാഴ്ച 51 പേർ മരിച്ചു
Saturday, July 11, 2020 2:29 PM IST
റിയാദ് : റിയാദിൽ കോവിഡ് മൂലം വെള്ളിയാഴ്ച 22 പേർ കൂടി മരിച്ചതടക്കം സൗദിയിൽ ഒറ്റ ദിവസം മരണപ്പെട്ടത് 51 പേർ. ഇതോടെ സൗദിയിലെ മരണസംഖ്യ 2151 ആയി. കൂടുതൽ ആളുകൾ മരണപ്പെട്ട സൗദി നഗരങ്ങളിൽ തലസ്ഥാന നഗരിയായ റിയാദ് ഇപ്പോൾ 568 മരണങ്ങളോടെ ഒന്നാമതായി. ജിദ്ദയിൽ ഇത് 556 ഉം മക്കയിൽ 474 ഉം ആണ്. ജിദ്ദ (4), മക്ക (10), ദമ്മാം (5), മദീന (3), ഹൊഫൂഫ് (2), ഖതീഫ് (1), ദഹ്റാൻ (1), ഹായിൽ (1), അൽ ഖർജ് (1), അൽ മജാരിത (1) എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ നടന്നത്.

സൗദിയിൽ പുതുതായി 3159 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധ 2,26,286 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 1930 പേർക്കാണ് രോഗം വെള്ളിയാഴ്ച സുഖപ്പെട്ടത്. ഇപ്പോൾ ചികിത്സയിലുള്ള 61,309 പേരിൽ 2230 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ദിവസവും സൗദിയിൽ ഇപ്പോൾ അര ലക്ഷത്തിലേറെ കോവിഡ് പരിശോധനകൾ നടക്കുന്നുണ്ട്. ഇരുനൂറിലധികം പ്രദേശങ്ങളിൽ ഇപ്പോൾ കോവിഡ് പടർന്നിട്ടുണ്ട് എന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പുതിയ രോഗികളുടെ എണ്ണം പ്രധാന നഗരങ്ങളിൽ ഇപ്രകാരമാണ് : റിയാദ് 296, ഹൊഫൂഫ് 249, ജിദ്ദ 209, മുബറസ് 196, ദമ്മാം 158, തായിഫ് 139, മദീന 134, ഖമീസ് മുശൈത് 131, മക്ക 108, അബഹ 94, ഹായിൽ 76, ഖതീഫ് 69, ബുറൈദ 65, തബൂക് 59, ഖോബാർ 50, ജുബൈൽ 49, ഹഫർ അൽ ബാത്തിൻ 47, യാമ്പു 43, ദഹ്റാൻ 42, ജീസാൻ 35, മഹായിൽ 34.

അടുത്ത ഘട്ടം വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 36 സർവ്വീസുകളാണുള്ളത്. ഇതിൽ കേരളത്തിലേക്ക് മാത്രം 24 സർവ്വീസുകളുണ്ട്. റിയാദിൽ നിന്നും ഇത്തവണ ഒറ്റ സർവ്വീസും പ്രഖ്യാപിച്ചിട്ടില്ല. 12 വീതം ദമ്മാം, ജിദ്ദ എയർപോർട്ടുകളിൽ നിന്നാണ്. ജൂലൈ 15 മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂൾ ആണ് ഇപ്പോൾ ഇന്ത്യൻ എംബസ്സി പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ