ഓവർസീസ് എൻ‌സി‌പി - ഒഎൻസിപി ദേശീയ കമ്മിറ്റി ലീഡേഴ്സ് മീറ്റ്
Monday, August 3, 2020 5:50 PM IST
കുവൈറ്റ് സിറ്റി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെയും റിട്ടേണീസ് ഫോറം പ്രതിനിധികളെയും ഉൾപ്പെടുത്തി സൂം കോൺഫറൻസിംഗിലൂടെ ഓവർസീസ് എൻ‌ സി‌ പി ലീഡേഴ്സ് മീറ്റിംഗ് സംഘടിപ്പിച്ചു.

യോഗത്തിൽ എൻ സി പി ലോകസഭ കക്ഷി നേതാവും , രാഷ്ട്രവാദി യുവതി കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ സുപ്രിയ സുലെ എംപി മുഖ്യാതിഥിയായിരുന്നു. ഒഎൻസിപി ദേശീയ പ്രസിഡന്‍റ് ബാബു ഫ്രാൻസീസ് (കുവൈറ്റ്) അധ്യക്ഷത വഹിച്ചു. ഒഎൻസിപി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി (യുഎഇ) സ്വാഗതം ആശംസിച്ചു.

കോവിഡിനെതുടർന്നു വിദേശത്തു നിന്നു നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന എല്ലാ പ്രവാസികളെയും അടിയന്തരമായി നാട്ടിലേക്ക് എത്തിക്കുന്നതിനാവശ്യമായ കൂടുതൽ വിമാന സർവീസുകൾ വന്ദേ ഭാരത് മിഷൻ വഴി അനുവദിക്കുക, വിവിധ വിമാന കമ്പനികളുടെ മറ്റു സർവീസുകൾക്കാവശ്യമായ അനുമതികൾ വേഗത്തിൽ നൽകുക, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രക്ക് ആവശ്വമായ ടിക്കറ്റ് ചാർജ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടിൽ നിന്ന് അനുവദിക്കുക, കോവിഡു മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്നവർക്ക്, സർക്കാർ, പൊതുമേഖലാ സംരംഭങ്ങളിൽ വേഗത്തിൽ തൊഴിൽ ലഭ്യമാകുവാൻ ആവശ്യമായ മുൻഗണന നൽകുക, സ്വന്തമായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടു വരുന്നവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുപ്രിയ സുലെ യോഗത്തിൽ അറിയിച്ചു.

ഒഎൻസിപി ഭാരവാഹികളായ സിദ്ധിഖ് ചെറുവീട്ടിൽ, രവി കൊമ്മേരി , അഹമ്മദ് കാസ്കർ, ബാബു ലത്തീഫ് (അബുദാബി),മുഹമ്മദ് ഷാ ടിബി (സൗദി), രജീഷ് ആറ്റുകണ്ടത്തിൽ (ബഹറിൻ), ജിയോ ഷെൽട്ടൻ (ഖത്തർ), എം. നിഷാദ് (ഒമാൻ), ബിജു സ്റ്റീഫൻ, അരുൾ രാജ് കെ വി, പ്രകാശ് ജാദവ്,ജോഫി മുട്ടത്ത് (കുവൈറ്റ്), റിട്ടേണീസ് ഫോറം പ്രതിനിധികളായി ശ്രീധരൻ സുബ്ബയ്യ, നൂറുൽ ഹസൻ, അഖിൽ പൊന്നാരത്ത്, ജോഫ്രി.സി.ജി, സോണി പി.ടി. എൻ സി പി ഓഫീസ് സോഷ്യൽ മീഡിയ ഹെഡ് സതീഷ് പവാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജീവ്സ് എരിഞ്ചേരി (ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി) നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ