വിമാന സർവീസ് നീട്ടിവച്ച തീരുമാനം പുനഃപരിശോധിക്കണം: കുട
Tuesday, August 4, 2020 7:02 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ ഓസ്റ്റ് 31 വരെ നീട്ടിവച്ച സര്‍ക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്‍ (കുട) ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനങ്ങള്‍ വിദേശകാര്യ മന്ത്രി ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, കേരള മുഖ്യ മന്ത്രി പിണറായി വിജയൻ, നോർക്ക ഡയറക്ടർ, ഇന്ത്യന്‍ എംബസി എന്നിവർക്ക് നല്‍കിയതായി ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിമാന സര്‍വിസുകള്‍ ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽപോയി തിരിച്ചുവരാൻ കഴിയാതെ മാനസിക സംഘർഷം അനുഭവിക്കുന്നത്. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ അവധിയിൽ പോയവർ മുതൽ പതിവ് വാർഷികാവധിക്ക് പോയവർ വരെ നാട്ടിൽ കുടുങ്ങിയിട്ടുണ്ട്. മാർച്ച് ഏഴിനാണ് കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സർവിസ് നിർത്തിയത്. അതിനിടെ വന്ദേഭാരത്‌ ദൗത്യത്തിന്‍റെ ഭാഗമായി കുവൈറ്റിൽനിന്ന് ക്രമീകരിച്ച വിമാന സർവിസുകൾ റദ്ദാക്കുന്ന വിഷയത്തിലും സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ