കരാർ തൊഴിലാളി ലംഘനം; 265 കമ്പനി ഫയലുകൾ നിയമ നടപടികള്‍ക്കായി കൈമാറിയതായി വാണിജ്യകാര്യ മന്ത്രി മറിയം അൽ അഖീൽ
Monday, September 14, 2020 6:25 PM IST
കുവൈറ്റ്സിറ്റി: സർക്കാർ കരാറുകൾ ഉപയോഗപ്പെടുത്തി തൊഴിലാളികളെ ദുരുപയോഗം ചെയ്ത 265 കമ്പനികളുടെ ഫയലുകൾ തുടര്‍ നടപടികള്‍ക്ക് കൈമാറിയതായി വാണിജ്യ മന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. 19 കമ്പനികളുടെ ഫയലുകള്‍ പ്രോസിക്യൂഷനും 16 കമ്പനികളുടെ ഫയലുകള്‍ ആഭ്യന്തര മന്ത്രാലയത്തിനും 33 കമ്പനികളുടെ ഫയലുകള്‍ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റിനും 197 കമ്പനികളുടെ ഫയലുകള്‍ പബ്ലിക് അതോറിറ്റി ഓഫ് മാൻ‌പവർ റഫർ ചെയ്തതായും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വിവിധ സര്‍ക്കാര്‍ കരാറുകൾക്കായി നാല് ലക്ഷത്തിലേറെ വിദേശ തൊഴിലാളികളാണ് രാജ്യത്തെത്തിയത്. സർക്കാർ പദ്ധതി പ്രകാരം രാജ്യത്തെത്തിയ തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ കമ്പിനികള്‍ പരാജയപ്പെടുകയാണെന്നും വീസ കാലാവധി കഴിഞ്ഞ 28,748 തൊഴിലാളികള്‍ രാജ്യത്ത് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് ശമ്പളം നല്‍കാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളിന്മേൽ നടപടി എടുത്തിട്ടുണ്ട്. തൊഴിലാളികളുമായുള്ള കരാർ നിബന്ധനകൾ ലംഘിച്ചതിനെതുടര്‍ന്ന് രാജ്യത്ത് 182 പണിമുടക്കുകൾ നടന്നിട്ടുണ്ട്. കമ്പനികളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തര സംഘങ്ങൾ രൂപീകരിച്ചതായും തൊഴിലാളികളുടെ കുടിശിക തീർക്കാൻ തൊഴിലുടമകളോട് നിര്‍ദ്ദേശിച്ചതായും മറിയം അൽ അഖീൽ വ്യക്തമാക്കി. 3,502 സർക്കാർ കരാറുകൾ ശമ്പള പ്രശ്‌നങ്ങൾ മൂലം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ജീവനക്കാരുമായുള്ള തൊഴിൽ കരാറുകളിൽ പരാജയപ്പെട്ട 1,471 സബ് കോൺട്രാക്ടിംഗ് കമ്പനികളെ സസ്പെന്‍ഡ് ചെയ്തതായും മന്ത്രി അറിയിച്ചു.

നേരത്തെ സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കും സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കും വീസ മാറ്റം നിര്‍ത്തിവച്ചിരുന്നു. പാലസ്തീന്‍ പൗരന്‍മാര്‍, കുവൈത്തി വനിതകളുടെ വിദേശിയായ ഭര്‍ത്താവും മക്കളും കുവൈത്ത് പൗരന്‍മാരുടെ വിദേശികളായ ഭാര്യമാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും നിരവധി പരിഷ്‌കരണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ