കുവൈറ്റിൽ കോവിഡ് കേസുകള്‍ കൂടുന്നു; കർഫ്യൂ ഏർപ്പെടുത്താന്‍ സാധ്യത
Tuesday, September 29, 2020 9:33 PM IST
കുവൈറ്റ് സിറ്റി: കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായുണ്ടാകുന്ന വർധനവിന്‍റെ പശ്ചാത്തലത്തിൽ കർഫ്യു വീണ്ടും ഭാഗികമായി ഏർപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് എട്ട് പേർ കോവിഡ് മൂലം മരിച്ചതും അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതുമാണ് ആരോഗ്യ മന്ത്രാലയത്തെ ഇത്തരുണത്തിൽ ചിന്തിപ്പിച്ചതെന്നു കരുതുന്നു.

കോവിഡ് മാർഗ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നേരത്തെ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ക്വാറന്‍റൈൻ കാലാവധി 14 ദിവസത്തിൽ നിന്ന് 7 ദിവസമായി ചുരുക്കാനുള്ള നിർദ്ദേശം ആരോഗ്യ വകുപ്പ് തള്ളിയിരുന്നു. വേനല്‍ക്കാലം കഴിഞ്ഞ് രാജ്യം ശൈത്യകാലത്തേയ്ക്ക് മാറുന്നതിനാല്‍ കാലാവസ്ഥാ മാറ്റത്തോട്‌ അനുബന്ധിച്ച് പനി , ജല ദോഷം എന്നീ രോഗങ്ങൾ ഉണ്ടാകുന്നത് കോവിഡ് പരിശോധനയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ