നിസാം ചികിത്സാസഹായം കൈമാറി
Monday, October 19, 2020 6:49 PM IST
ചിറ്റുമല: ദമാം നവോദയ ദോഹ യൂണിറ്റ് അംഗമായ നിസാമിന്‍റെ തുടർ ചികിത്സക്കായി അൽകോബാർ ഏരിയയിലെ വിവിധ യൂണിറ്റുകൾ സമാഹരിച്ച സഹായധനം ഫിഷറീസ്/കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിസാമിന്‍റെ കുടുംബത്തിന് കൈമാറി.

മൂന്ന് മാസത്തോളമായി ശരീരത്തിന്‍റെ ഒരു ഭാഗം തളർന്ന് അൽകോബാർ ഫക്രി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിസാമിനെ തുടര്‍ ചികിത്സാർഥം ജൂലൈ മൂന്നിനാണ് ദമാമിൽ നിന്നും നവോദയയുടെ ചാർട്ടർഡ് ഫ്ലൈറ്റിൽ കൊച്ചിയിലേക്കും തുടര്‍ന്ന് നോർക്കയുടെ ആംബുലൻസ് സൗകര്യം ഉപയോഗപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും എത്തിച്ചത്. യാത്രയിൽ സഹായിക്കാൻ നവോദയ അൽകോബാർ ടൗൺ എക്സിക്യൂട്ടീവ് അംഗം ഷംനാദ് അഞ്ചലും കൂടെയുണ്ടായിരുന്നു.

വിദഗ്ധ ചികിത്സ ആവശ്യമായതിനെതുടർന്നു ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത സാഹചര്യത്തില്‍ നവോദയ അൽകോബാർ ഏരിയ കമ്മിറ്റി സമാഹരിച്ച 2,80,000 രൂപയാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ കൈമാറിയത്. സ്വന്തമായി വീടില്ലാത്ത നിസാമിന് വീട് വയ്ക്കുന്നതിനുവേണ്ട സഹായം നൽകണമെന്ന് നവോദയയുടെയും നിസാമിന്‍റേയും കുടുംബത്തിന്‍റേയും അപേക്ഷ അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പ്‌ നൽകി.

സിപിഎം പെരിനാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി ബിജു അധ്യക്ഷ്യത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപ്പിള്ള, ജില്ലാ പ്രസിഡന്‍റ് ശശിധരൻ, നവോദയ കേന്ദ്രജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയം, കുണ്ടറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സി. സന്തോഷ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് എൽ. അനിൽ, പ്രവാസി സംഘം കുണ്ടറ ഏരിയ സെക്രട്ടറി വി. മനോജ് എന്നിവർ സംസാരിച്ചു.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ വി. പ്രസന്നകുമാർ, പെരിനാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എൽ. തുളസീധരൻ, പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സന്തോഷ് മാനവം, പഞ്ചായത്ത് അംഗം എം. ജാനി, എല്‍സി അംഗങ്ങളായ ബി. ഗിരീഷ്, എ. അശോകൻ, ബിനു ഹരിദാസ്, ഡിവൈഎഫ്ഐ നേതാക്കളായ ജോമോൻ, ഉല്ലാസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ അംഗങ്ങളും സോഷ്യൽ മീഡിയ കോഓർഡിനേറ്റര്‍മാരുമായ സുമ രാജേന്ദ്രൻ, രഞ്ജിനി തുടങ്ങിയവരും നവോദയ പ്രവർത്തകരായ മുരളിധരൻ, ജ്വോഷ തുടങ്ങിയവരും സംബന്ധിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രബാബു കടയ്ക്കൽ സ്വാഗതവും അൽകോബാർ ടൗൺ എക്സിക്യൂട്ടീവ് അംഗം ഷംനാദ് അഞ്ചൽ നന്ദിയും പറഞ്ഞു.