ജിദ്ദ ഐസിഎഫ് 25 ലക്ഷത്തിന്‍റെ കോവിഡ് കാല ദുരിതാശ്വാസം പ്രഖ്യാപിച്ചു
Thursday, October 22, 2020 7:08 PM IST
ജിദ്ദ : കോവിഡ് കാലത്ത് നാട്ടില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന മദ്രാസാധ്യാപകര്‍ക്കും നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്കും ഐസിഎഫ് ജിദ്ദ കമ്മിറ്റി കാല്‍ കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസഡി കാലത്ത് മതകലാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് കാരണവും മറ്റും ഏറെ പ്രയാസമനുഭവിക്കുന്നവരാണ് മദ്രസാധ്യാപകര്‍. അവരില്‍ നിന്നും ഏറ്റവും അര്‍ഹരായവരെയാണ് സഹായത്തിന് പരിഗണിക്കുന്നത്. ജിദ്ദയില്‍ നിന്നും നാട്ടിലെത്തി കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തിരിച്ച് വരാനാവാതെ ജോലിയും വീസയും മറ്റും നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ഐസിഎഫിന്‍റെ മാതൃ ഘടകമായ കേരള മുസ്‌ലിം ജമാഅത്ത് മുഖേന ഗുണഭോക്താക്കളെ കണ്ടെത്തിയാണ് സഹായ വിതരണത്തിനുള്ള സംവിധാനമൊരുക്കുക. ഇതിനുള്ള ഫണ്ട് സെന്‍ട്രല്‍ നേതാക്കള്‍ താമസിയാതെ കോഴിക്കോട്ട് വച്ച് കേന്ദ്ര നേതാക്കള്‍ക്ക് കൈമാറും. അടുത്ത മാസം 30-നകം വിതരണം പൂര്‍ത്തിയാകും. അനുബന്ധമായി പണ്ഡിതരും നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ജില്ലാതല ചടങ്ങുകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രസ്ഥാനത്തിന്‍റെ പ്രദേശിക ഘടകങ്ങള്‍ മുഖേന സഹായധനം ഗുണഭോക്താക്കള്‍ക്ക് നേരിട്ടെത്തിച്ചു കൊടുക്കും.

കോവിഡ് മൂലം ദുരിതമനുഭവിച്ച ആയിരങ്ങള്‍ക്ക് നാട്ടിലും ഇവിടെയും അവശ്യ മരുന്നുകളും ഭക്ഷണവും അവശ്യ സേവനവും ലഭ്യമാക്കുവാന്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഹെല്‍പ് ഡസ്‌ക് സംവിധാനത്തില്‍ കൂടി സാധിച്ചിട്ടുണ്ട്. സാന്ത്വനം, സ്വഫ്‌വ വോളണ്ടിയര്‍മാര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അഞ്ച് മാസക്കാലം ഇതിനായി സേവനം ചെയ്തു. ആയിരക്കണക്കിന് ഭക്ഷ്യധാന്യ കിറ്റുകളാണ് ജിദ്ദയില്‍ വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ കാലത്ത് നാട്ടില്‍ കഷ്ടപ്പെടുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് എസ് വൈ എസ് ‘സാന്ത്വനം’ വോളണ്ടിയര്‍മാര്‍ മുഖേനയും ഭക്ഷ്യധാന്യ കിറ്റുകളെത്തിച്ചു.

നാടണയാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന അറുനൂറിലധികം പേര്‍ക്ക് വന്ദേ ഭാരത് മിഷന്‍, ഐ സി എഫ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സൗജന്യമായും സൗജന്യ നിരക്കിലും നാട്ടിലെത്താന്‍ സഹായിച്ചു. 11 ലക്ഷത്തിലധികം രൂപയാണ് കൊവിഡ് കാല സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സെന്‍ട്രല്‍ കമ്മിറ്റി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം വന്‍ പ്രളയ ദുരന്തമുണ്ടായ കവളപ്പാറയില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച 50 വീടുകളില്‍ എട്ടെണ്ണം നിര്‍മിച്ചു നല്‍കുന്നത് ജിദ്ദ ഐ സി എഫ് ആണ്.

രോഗവും വാര്‍ധക്യവും മറ്റും മൂലം വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ട് സംരക്ഷിക്കാനാളില്ലാതെ തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മഞ്ചേരിയില്‍ പണി പൂര്‍ത്തിയാവുന്ന എസ് വൈ എസ് സാന്ത്വന സദനം പ്രോജക്ടിന്റെ പ്രധാന ഭാഗമാണ് സാധു സംരക്ഷണ കേന്ദ്രം. ഒന്നര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന്‍റെ പകുതി ഭാഗം, 20 നിര്‍ധനരെ സംരക്ഷിക്കാനുള്ള സംവിധാനം ജിദ്ദ ഐ സി എഫാണ് പൂര്‍ത്തീകരിക്കുന്നത്. ഈ സാധു സംരക്ഷണ കേന്ദ്രം പണി പൂര്‍ത്തീകരിച്ച് അടുത്ത ഡിസംബര്‍ മാസം നാടിന് സമര്‍പ്പിക്കും.

പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി നിരവധി പേര്‍ക്ക് ഉപജീവന മാര്‍ഗത്തിനായുള്ള തൊഴില്‍ പദ്ധതികള്‍ക്കായി ഇതിനോടകം നിരവധി പേര്‍ക്ക് സഹായങ്ങള്‍ നല്‍കിക്കഴിഞ്ഞു. പ്രസ്ഥാനത്തിന്‍റെ ദാറുല്‍ ഖൈര്‍ ഭവന പദ്ധതി, വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസം, കുടിവെള്ള പദ്ധതി തുടങ്ങി പ്രവാസികള്‍ക്കിടയിലും നാട്ടിലും ഈ ഒരു വര്‍ഷക്കാലം 2.4 കോടി രൂപയിലധികം ചെലവഴിച്ചു കൊണ്ടുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷം തികയുന്ന ഒക്‌ടോബര്‍ മാസത്തോടെ ജിദ ഐസിഎഫ് കമ്മറ്റി പൂര്‍ത്തീകരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ സയിദ് ഹബീബ് അല്‍ബുഖാരി, ശാഫി മുസ്ലിയാര്‍, ബഷീര്‍ പറവൂര്‍, അബ്ദുറഹിം വണ്ടൂര്‍, മൊയ്തീന്‍ കുട്ടി സഖാഫി, മുജീബ് എ ആര്‍ നഗര്‍, ഹനീഫ പെരിന്തല്‍ മണ്ണ, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, അബ്ദുറസാഖ് എടവണ്ണപ്പാറ, അബൂബക്കര്‍ സിദ്ദീഖ് ഐക്കരപ്പടി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ