ദുബായ് പുഷ്പ മേള നവംബർ ഒന്നു മുതൽ
Thursday, October 29, 2020 8:42 PM IST
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പമേളയായ ദുബായ് മിറക്കിൾ ഗാർഡന്‍റെ ഒന്പതാം സീസണിന് നവംബർ ഒന്നിന് (ഞായർ) തുടക്കം കുറിക്കും.

120 ലധികം ഇനങ്ങളുള്ള 150 ദശലക്ഷത്തിലധികം പുഷ്പങ്ങളാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ആകർഷകമായ പുഷ്പങ്ങൾ ധരിച്ച "ഏരിയൽ ഫ്ലോട്ടിംഗ് ലേഡി' റിക്കാർഡ് ഭേദിച്ച എമിറേറ്റ്സ് എ 380 ഡിസ്പ്ലേയും ഡിസ്നി അവന്യൂവിലെ മിക്കി മൗസിന്‍റെ 18 മീറ്റർ പുഷ്പ ഘടനയും പാർക്കിലെ പ്രധാന ആകർഷണങ്ങളാണ്. ഈ വർഷം മടങ്ങിവരുന്ന മറ്റ് വിഷ്വൽ ട്രീറ്റുകളിൽ ഒരു പൂന്തോട്ട ഡൈനിംഗ് അനുഭവം, പ്രകാശമുള്ള നൈറ്റ്സ്കേപ്പ്, കരീബിയൻ, ഏഷ്യൻ ഹമ്മോക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന ഫ്ലോറൽ കാസിൽ ഉൾപ്പെടുന്നു.

പാർക്കിലെ 400 മീറ്ററോളം വരുന്ന നടപ്പാതയിലൂടെ നടത്തം സന്ദർശകർക്ക് പുഷ്പകലകൾക്കിടയിൽ വിനോദയാത്ര ആസ്വദിക്കാൻ അവസരമൊരുക്കുന്നു. വസ്ത്രധാരണം, പുഷ്പ പരേഡുകൾ, തെരുവ് പ്രകടനം നടത്തുന്നവർ, സുംബ സെഷനുകൾ, മറ്റ് ശാരീരിക, വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയവയും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

പ്രവൃത്തിദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. പ്രവേശന പാസ് മുതിർന്നവർക്ക് (12 വയസിനു മുകളിലുള്ളവർ) 55 ദിർഹവും 12 വയസും അതിൽ താഴെയുള്ള കുട്ടികൾക്ക് 40 ദിർഹവുമാണ്. മൂന്ന് വയസിനു താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

മാറിയ സാഹചര്യത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് പാർക്ക് തുറക്കുക. സന്ദർശകരുടെ ശരീര താപനില കർശനമായി നിരീക്ഷിക്കുകയും എല്ലാ പ്രദേശങ്ങളിലും ഹാൻഡ് സാനിറ്റൈസറുകളും ലഭ്യമാക്കുകയും ചെയ്യും.