യുഎഇ യിൽ പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധി ഡിസംബർ 31
Tuesday, November 17, 2020 8:56 PM IST
അബുദാബി :പിഴ നൽകാതെ രാജ്യം വിടാനുള്ള അവസരം ഡിസംബർ 31 വരെ നീട്ടികൊണ്ടു യു എ ഇ ഫെഡറൽ അതോറിട്ടി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഉത്തരവിറക്കി.

രാജ്യം വിടുന്നതിനുള്ള സമയ പരിധി ഇന്ന് (നവംബർ 17 ) ആവസാനിക്കാനിരിക്കെയാണ് വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നവർക്ക് ആശ്വാസമായി പുതിയ തീരുമാനം കൈക്കൊണ്ടത്.

മാർച്ച് ഒന്നിന് മുൻപ് വീസയുടെ കാലാവധി കഴിഞ്ഞവർക്കാണ് പുതിയ ഇളവിന്‍റെ ആനുകൂല്യം ലഭിക്കുക. എമിരേറ്റ്സ് ഐഡി , വർക്ക് പെർമിറ്റ് ഇവയുമായി ബദ്ധപ്പെട്ടു എല്ലാ പിഴകളും ഒഴിവാക്കികൊണ്ടാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിമാന യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയത് പരിഗണിച്ചാണ് വീസയുടെ കാലാവധി കഴിഞ്ഞവർക്ക് പിഴകളിൽ ഇളവ് നൽകുന്നതിന് തീരുമാനിച്ചത്. ഇതോടെ മാർച്ച് മാസത്തിനു മുൻപ് വീസ കാലാവധി കഴിഞ്ഞ് രാജ്യത്തു തുടരുന്നവർക്കു ഒരു അവസരം കൂടിയാണ് യു എ ഇ അധികൃതർ നൽകിയിരിക്കുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള