ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു
Friday, October 17, 2025 12:11 PM IST
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്.
അടച്ചിട്ട കോടതി മുറിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഒക്ടോബർ 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടതായി കോടതി അറിയിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത്
വ്യാഴാഴ്ച രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പുലർച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷ് എന്നയാളെ കൊണ്ടുവന്നതെന്നും ഇയാൾ വ്യക്തമാക്കി.
ആരാണ് കൽപേഷ് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.