പന്ത്രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്ന നിർദ്ദേശവുമായി അബുദാബി ; കൂട്ടം കൂടുന്നതിനും നിരോധനം
Wednesday, November 18, 2020 9:43 PM IST
അബുദാബി : പ്രവേശന നിബന്ധന വീണ്ടും കർശനമാക്കികൊണ്ട് യുഎഇ സർക്കാർ ഉത്തരവായി. ദേശീയദിനാഘോഷം ഉൾപ്പടെയുള്ള വിവിധ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് നടപടി.

മറ്റു എമിറേറ്റുകളിൽനിന്ന് റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ തുടർച്ചയായി 12 ദിവസം തങ്ങിയാൽ 12-ാം ദിവസം പിസിആർ പരിശോധന നടത്തണമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരി അറിയിച്ചു. നേരത്തെ ഇത് നാല്, എട്ട് ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുത്താൽ മതിയായിരുന്നു.

അതേസമയം അബുദാബിയിൽ എത്തി അന്നോ മൂന്നു ദിവസത്തിനകമോ മടങ്ങുന്നവർക്ക് പരിശോധന ആവശ്യമില്ല. യുഎഇ ദിനാഘോഷം, ക്രിസ്മസ്, പുതുവർഷ ആഘോഷം എന്നിവയുടെ ഭാഗമായി കൂട്ടംചേരുന്നതിനും നിരോധനം ഏർപ്പെടുത്തി. ആഘോഷങ്ങൾ വെർച്വൽ ആക്കുന്നതാണ് ഉചിതമെന്നും ഓർമിപ്പിച്ചു. മൂന്നു മണിക്കൂറിനു മുകളിലുള്ള സംഗീത പരിപാടികൾക്കു മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്. ഓരോരുത്തരുടെയും ആരോഗ്യസുരക്ഷക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ആഘോഷവേളകളിൽ കോവിഡ് മുൻകരുതൽ, പ്രതിരോധ നടപടികളുടെ മാർഗനിർദേശം കൃത്യമായി പാലിക്കപ്പെടണമെന്നും യുഎഇ വക്താക്കൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള