പുറപ്പെട്ടു പോകാനുള്ള ധൈര്യം അനുഗ്രഹത്തിലേക്കു നയിക്കും : ബിഷപ് ജോസഫ് കരിയിൽ
Sunday, January 10, 2021 3:01 PM IST
ദുബായ് : പുറപ്പെട്ടുപോകാൻ ധൈര്യമുള്ളവർക്കു രക്ഷപെടാൻ സാധിക്കുമെന്ന് കെ ആർ എൽസിബിസി പ്രസിഡന്‍റ് ബിഷപ്പ് ജോസഫ് കരിയിൽ. കെ ആർഎൽസിസിയുടെ ലാറ്റിൻ ഡേ ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പ്രവാസത്തിലും സഹോദരന്റെ കാവലാളാകുക എന്നായിരുന്നു സമ്മേളനത്തിന്റെ ചിന്താവിഷയം. പ്രവാസികൾ ദേശാടനപക്ഷികളെപ്പോലെ പരസ്പരം സഹായമായിത്തീരണമെന്നും പിതാവ് പറഞ്ഞു.

നമ്മിൽ പലർക്കും ആത്മവിശ്വാസം കുറവാണ്. സ്വന്തം ദേശത്തിൽ നിന്ന് പുറപ്പെട്ടു ദൈവം കാണിച്ചു തരുന്ന ദേശത്തു പോകുവാൻ ധൈര്യം വേണം. എന്നാൽ പ്രവാസികൾക്ക് സമൃദ്ധമായി ഉള്ളത് പുറപ്പെട്ടു പോകാനുള്ള ആത്മവിശ്വാസമാണെന്നും ബിഷപ്പ് കരിയിൽ പറഞ്ഞു.

ബിഷപ് പോൾ ഹിൻഡർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കോവിഡ് ദൈവത്തിന്റെ ശിക്ഷയാണോ എന്ന് ചോദിക്കുന്നവരുണ്ട് ? എന്തായാലും അത് ഒരു മുന്നറിയിപ്പാണ്. നമ്മുടെ ജീവന്റെ ഉടമസ്ഥർ നമ്മളല്ല എന്ന ഓര്മിക്കണമെന്നുള്ള മുന്നറിയിപ്പ്. ബിഷപ്പ് ഹിൻഡർ പറഞ്ഞു. പ്രൊക്ലമേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യബലി അർപ്പിച്ചു. അനുകൂലമല്ലാത്ത സാഹചര്യത്തിൽ വിശ്വാസം ഏറ്റുപറയാൻ പ്രവാസികൾ കാണിക്കുന്ന സന്നദ്ധ നാട്ടിലുള്ള തങ്ങൾക്കെല്ലാം മാതൃകയാകുന്നുണ്ടെന്നു ബിഷപ് പൊന്നുമുത്തൻ പറഞ്ഞു.

തിരുവനന്തപുരം അതിരൂപത മെത്രോപ്പോലീത്ത സുസൈപാക്യം, വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത ബിഷപ് ജോസഫ് കരിയിൽ,കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, കെ ആർ എൽ സി സി വൈസ് പ്രസിഡണ്ട് ഷാജി ജോസ്, ദുബായ് ഇടവക വികാരി ഫാ ലെനി, ദുബായ് മലയാളി സമൂഹത്തിന്റെ ചാപ്ലിൻ ഫാ അലക്സ് വാച്ചാപറമ്പിൽ, ദുബായ് പാരിഷ് കൗൺസിൽ വൈസ് പ്രസിഡണ്ട് മാത്യു തോമസ്, കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷെറി ജെ തോമസ്, കെ എൽ സി ഡബ്ള്യു എ പ്രസിഡന്റ് ജെയിൻ അൻസിൽ ഫ്രാൻസിസ്, ലിഡാ ജേക്കബ് ഐ എ എസ് തുടങ്ങി നിരവധി പ്രമുഖർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു. വ്യത്യസ്ത എമിറേറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിച്ച നിരവധി കലാപരിപാടികൾ ഉണ്ടായിരുന്നു.

റിപ്പോർട്ട്: ജോ കാവാലം