പണം തട്ടാൻ വ്യാജ കോളുകൾ; ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഇന്ത്യൻ എംബസി
Friday, January 15, 2021 4:43 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെന്നു പറഞ്ഞ് പണം ആവശ്യപ്പെടുന്ന വ്യാജ ഫോണ്‍ കോളുകളെ സൂക്ഷിക്കണമെന്ന് കുവൈറ്റ് എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജ കോളുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്ക് തങ്ങളുമായി ബന്ധപ്പെട്ട യാതൊരു വിവരവും നല്‍കരുതെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. രാജ്യത്തെ ഇന്ത്യൻ പ്രവാസികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ബാങ്ക് വിവരങ്ങളും മറ്റു പണമിടപാടുകളുടെ വിവരങ്ങളും ആർക്കും കൈമാറ്റം ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.

എംബസിയോ ഉദ്യോഗസ്ഥരോ ബാങ്ക് വിശദാംശങ്ങളോ മറ്റ് വ്യക്തിഗതമായ വിവരങ്ങളോ ഫോണ്‍ വഴി ആവശ്യപ്പെടാറില്ലന്നും എംബസി നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.indembkwt.gov.in) നല്‍കിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ കോളുകൾ ആർക്കെങ്കിലും വന്നാൽ [email protected] എന്ന ഇമെയില്‍ വഴി ബന്ധപ്പെടണമെന്ന് എംബസി അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ