പ്രതീക്ഷയേകുന്ന ബജറ്റ് : ഡോ. സിദ്ദീഖ് അഹമ്മദ്
Saturday, January 16, 2021 8:11 AM IST
റിയാദ്: കേരള ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ഈ മന്ത്രിസഭയുടെ അവസാന ബജറ്റ് പ്രതീക്ഷയേകുന്നതാണെന്നും നിർദേശങ്ങളെല്ലാം പ്രയോഗികമായാൽ പ്രവാസി സമൂഹത്തിനടക്കം ഏറെ ഗുണകരമാകുമെന്നും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

കൊവിഡാനന്തര കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ക്രിയാത്മക പദ്ധതികൾ ബജറ്റിലുണ്ട്.ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയത് ലോകത്തെമ്പാടുമുള്ള മലയാളി സമൂഹത്തിനു ഗുണം ചെയ്യും. പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയായി വർദ്ധിപ്പിക്കുന്നതും ആശ്വാസകരമാണ്. നിതാഖാത് പോലുള്ള സ്വദേശിവത്ക്കരണ നടപടികൾ മൂലവും കോവിഡ് മഹാമാരിമൂലവും ഉണ്ടായ തൊഴിൽ പ്രതിസന്ധിയിലും ലക്ഷക്കണക്കിന് മലയാളികളാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോഴും തുടരുന്ന ഈ പ്രതിസന്ധിയിൽ പ്രവാസി സമൂഹത്തെ കൂടെ നിർത്താനും അവരുടെ പ്രയാസങ്ങൾ ഉൾകൊള്ളാനും സർക്കാർ തയ്യാറായി എന്നാണ് ബജറ്റ് നിർദ്ദേശങ്ങളിൽ നിന്നും മനസിലാകുന്നതെന്നും ഇറാം ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കൂടിയായ സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

നൈപുണ്യ പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന്‍റെ തൊഴിൽ പരിശീലന പദ്ധതി വിപുലപ്പെടുത്തുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയിരിക്കുന്നു. ഗൾഫ് മേഖലയിലടക്കം പുതുതായി തൊഴിൽ തേടി പോകുന്നവർക്ക് ഇത് ഗുണകരമാകും. പ്രവാസി ഓൺലൈൻ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുമെന്നത് നല്ല ആശയമാണ്. കോടികൾ ചെലവിട്ട് വർഷാവർഷം നടത്തുന്ന പ്രവാസി സംഗമങ്ങളെക്കാൾ എന്തുകൊണ്ടും ഇത് പ്രയോജനപ്രദമാകും. ബജറ്റ് നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇവയെല്ലാം സമയബന്ധിതമായി നടപ്പായെങ്കിൽ മാത്രമേ കാര്യമുള്ളൂ എന്നും ഡോ. സിദ്ദീഖ് അഭിപ്രായപ്പെട്ടു. ഇതിനായി ഓരോ മേഖലയിലും വൈദഗ്ധ്യം തെളിയിച്ചവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണം.

പ്രവാസി സമൂഹത്തിനും നാടിനും ഗുണകരമായ ആശയങ്ങളുടെ പൂർത്തീകരണത്തിനായി എല്ലാ പിന്തുണയും തന്റെയും ഇറാം ഗ്രൂപ്പിന്റെയും ഭാഗത്തുനിന്നുമുണ്ടാകുമെന്നും ഡോ. സിദ്ദീഖ് അഹമ്മദ് ഉറപ്പ് നൽകി

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ