ആസാമിൽ ഒരുകുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട നിലയിൽ
Saturday, September 13, 2025 8:16 AM IST
ദിസ്പുർ: ആസാമിലെ ദാരംഗ് ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
സെപ്റ്റംബർ 11 ന് വൈകുന്നേരം സിപഝർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നരിക്കാലി മന്ദിറിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദീപക് നാഥ് (55), ഭാര്യ പ്രതിമ നാഥ്, മകൻ ധൃതി രാജ് നാഥ്(13)എന്നിവരാണ് കൊല്ലപ്പെട്ടത്.
ദീപക് നാഥിന്റെ ശരീരത്തിൽ കാര്യമായ പരിക്കുകളില്ല. കഴുത്തറക്കപ്പെട്ട നിലയിലാണ് പ്രതിമ നാഥിന്റെ മൃതദേഹം. ധൃതി രാജിന്റെ മൃതദേഹം നിരവധി കഷണങ്ങളാക്കി മുറിച്ച നിലയിലാണ്.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (ക്രൈം) റോസി താലൂക്ക്ദാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.