മൂന്നു പുതിയ ബസ് സ്റ്റേഷനുകൾ തുറന്നതായി ദുബായ് ആർടിഎ
Sunday, January 24, 2021 4:33 PM IST
ദുബായ് : അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ മൂന്നു പുതിയ ബസ് സ്റ്റേഷനുകൾ തുറന്നതായി ദുബായ് ആർ ടി എ, അൽ ജഫീലിയ, അൽ ഖുസൈസ് ദെയ്‌റ എന്നിവിടങ്ങളിലാണ് ന്യൂ ജനറേഷൻ പബ്ലിക് ബസ് സ്റ്റേഷനുകൾ നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്ഷം അവസാനത്തോടെ തുടങ്ങിയ അൽ ഗുബൈബ ബസ് സ്റ്റേഷന് പുറമെയാണ് അൽ ജഫിലിയ , അൽ ഖുസൈസ് എത്തിസലാത്, ദെയ്‌റ യൂണിയൻ പബ്ലിക് എന്നിവിടങ്ങളിലായി മൂന്നു പുതിയ ആധുനിക ബസ് സ്റ്റേഷനുകൾ തുറന്നിരിക്കുന്നത്. വമ്പന് ഷോപ്പിംഗ് മാളിനോട് കിടപിടിക്കുന്ന ആകാര സൗന്ദര്യവും , ആധുനിക സൗകര്യങ്ങളും നിറഞ്ഞതാണ് ആർ ടി എ അവതരിപ്പിക്കുന്ന ന്യൂ ജനറേഷൻ പബ്ലിക് ബസ് സ്റ്റേഷനുകൾ . പൊതുഗതാഗത രംഗത്തെ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനം ഭാവിയിൽ നഗരവാസികളുടെ ഏറ്റവും വലിയ ഗതാഗത മാധ്യമമായി പൊതുഗതാഗതത്തെ മാറ്റിയെടുക്കാൻ ലക്‌ഷ്യം വെച്ചാണെന്ന് ആർ ടി എ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു . സുസ്ഥിര ആവശ്യകതകൾക്കു മുൻഗണന നൽകി , നിശ്ചയദാർഢ്യ വിഭാഗത്തിൽ ഉള്ളവർക്കും മറ്റു പ്രത്യേക പരിഗണന ലഭിക്കേണ്ടവർക്കും സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 503 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കി നിർമ്മിച്ചിരിക്കുന്ന അൽ ജഫീലിയ സ്റേഷൻ 19000 ചതുരശ്ര മീറ്റർ വലുപ്പത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ബസ് കത്ത് നിൽക്കുന്ന യാത്രക്കാർക്കായി 595 ചതുരശ്ര മീറ്റർ സ്ഥലം ഒരുക്കിയിട്ടുണ്ട്. 7000 യാത്രക്കാരെ ഇവിടെ ഉൾക്കൊള്ളാനാകും. യൂണിയൻ ബസ് സ്റ്റേഷനിൽ 7500 യാത്രക്കാരെയും , എത്തിസലാത് ബസ് സ്റ്റേഷനിൽ 4500 യാത്രക്കാരെയും ഉൾകൊള്ളാൻ സൗകര്യമുണ്ട്. കാറുകളും ബൈക്കുകളും പാർക്ക് ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യവും ബസ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള