"പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹം'
Friday, February 26, 2021 5:31 PM IST
ജിദ്ദ: വിദേശത്തുനിന്നും നാട്ടിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ നടത്തുന്ന കോവിഡ് പരിശോധനയുടെ ചെലവ് വഹിക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ ഐസിഎഫ് നാഷണൽ കമ്മിറ്റി സ്വാഗതം ചെയ്തു.

72 മണിക്കൂർ മുമ്പെടുക്കുന്ന കോവിഡ് നെഗറ്റീവ്‌ റിപ്പോർട്ടുമായി വിമനത്താവളത്തിലെത്തുന്നവരും നിർബന്ധിത പിസിആർ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കുടുംബത്തോടൊപ്പം നാട്ടിലെത്തുന്നവർക്കും അല്ലാത്തവർക്കും സാമ്പത്തികമായും അല്ലാതെയും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ നിർദ്ദേശത്തിനെതിനെതിരെ ഐസിഎഫ്‌ ഉൾപ്പെടെയുള്ള സംഘടനകൾ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു.

കോവിഡ് പരിശോധന സൗജന്യമാക്കി പ്രവാസികളുടെ ആശങ്കയകറ്റണമെന്ന് കേരള മുസ്‌ലിം ജമാഅത് പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരും കേന്ദ്ര, കേരള സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ പ്രവാസികൾക്ക് പിസിആർ ടെസ്റ്റ് സൗജന്യമാക്കിയതെന്നുവേണം കരുതാൻ.

സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, അഷ്‌റഫലി, സലിം പാലച്ചിറ, സുബൈർ സഖാഫി, ഖാദർ മാഷ്, സലാം വടകര എന്നിവർ സംബന്ധിച്ചു. സിറാജ് കുറ്റിയാടി സ്വാഗതവും ഉമർ സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ