ജനപക്ഷ രാഷ്ട്രീയത്തിന്‍റെ വിജയം : ജിദ്ദ നവോദയ
Wednesday, May 5, 2021 12:07 PM IST
ജിദ്ദ : വർഗീയതയുടെയും, ഗീബൽസിയൻ രാഷ്ട്രീയക്കാരുടെയും മുകളിൽ കേരളം നേടിയ ഐതിഹാസിക വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേരളം പിടിച്ചെടുക്കാൻ ശരണം വിളിയോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ട് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കാനാണ് പ്രധാനമന്ത്രി മോഡി ശ്രമിച്ചത്.

ശബരിമലയുടെ പേരിൽ ഹിന്ദുത്വ വികാരം ആളികത്തിക്കാനും മറു ഭാഗത്ത് വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നിവയുമായി ചേർന്ന് ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിനുമാണ് യുഡിഎഫും ശ്രമിച്ചത്. അധികാരത്തിലെത്താൻ എന്ത് ഹീനമാർഗവും അവലംബിക്കാൻ ഈ ഇരുട്ടിന്റെ ശക്തികൾക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. കേരളജനത ഇത് തിരിച്ചറിയുകയും കനത്ത തിരിച്ചടി നൽകുകയും ചെയ്തു. ഈ തെരെഞ്ഞെടുപ്പ് വിധി മതനിരപേക്ഷ രാഷ്ട്രീയത്തിനും, വികസനരാഷ്ട്രീയത്തിനും, ഇടത്പക്ഷ ബദൽ നയത്തിനും അങ്ങേയറ്റം കരുത്ത് നൽകുന്നതാണ്. മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിപ്പിടിച്ച ഈ പോരാട്ടത്തിൽ പങ്കെടുത്ത മുഴുവൻ ജനങ്ങളെയും ജിദ്ദ നവോദയ അഭിവാദ്യം ചെയ്യുന്നു.

വിജയാഹ്ലാദ സമ്മേളനത്തിൽ പ്രസിഡണ്ട്‌ കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു.
ശ്രീകുമാർ മാവേലിക്കര(ജനറൽ സെക്രട്ടറി )സി. എം അബ്ദുറഹ്മാൻ,
ഗോപി മന്ത്രവാദി, ശിഹാബ് മക്ക, ഫിറോസ് മുഴുപ്പിലങ്ങാട് എന്നിവർ സംസാരിച്ചു. ആസിഫ് കരുവാറ്റ സ്വാഗതവും സലാഹുദ്ധീൻ നന്ദിയും പറഞ്ഞു

റിപ്പോർട് : മുസ്തഫ കെ. ടി പെരുവള്ളൂർ