എറണാകുളം സ്വദേശിയുടെ മൃതദേഹം ദവാദ്മിയില്‍ അടക്കം ചെയ്തു
Saturday, June 12, 2021 2:59 AM IST
റിയാദ്: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി കളത്തില്‍ ചന്ദ്രന്‍റെയും പ്രേമയുടെയും മകന്‍ ബിനോയ് ചന്ദ്രന്‍റെ (50) മൃതദേഹം റിയാദിൽ നിന്നും 240 കിലോമീറ്റർ അകലെയുള്ള ദവാദ്മിയിൽ സംസ്കരിച്ചു.

25 വര്‍ഷത്തിലേറെയായി സൗദിയിലുണ്ടായിരുന്ന ബിനോയ് ചന്ദ്രന്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. അല്‍മറായി തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ലേഖ, വിദ്യാര്‍ഥികളായ ആദിത്യ, അഭിമന്യു, ആരാധ്യ എന്നിവരോടൊപ്പം കുടുംബസമേതം റിയാദിലായിരുന്നു താമസിച്ചിരുന്നത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹം മറവു ചെയ്യാൻ താമസം നേരിടുന്നതിനാലും,ബിനോയ് ചന്ദ്രന്‍റെ കുടുംബത്തെ പെട്ടന്ന് നാട്ടില്‍ അയക്കുന്നതിനുമായി സൗദി അധികൃതരിൽ നിന്നും പ്രത്യേക അനുമതി കരസ്ഥമാക്കിയാണ് മൃതദേഹം പെട്ടന്ന് അടക്കം ചെയ്തത്. കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. സംസ്കാര ചടങ്ങിൽ കേളി ജീവകാരുണ്യ പ്രവർത്തകരും മറ്റു സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചു.