വെല്‍ഫെയര്‍ കേരള കുവൈത്ത് നേതാക്കള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
Friday, June 18, 2021 5:07 PM IST
കുവൈറ്റ് സിറ്റി : വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര നേതാക്കൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്‌ച നടത്തി. കോവിഡ് കാലത്ത് സൗജന്യ ചാർട്ടര്‍ വിമാനം അയച്ചതുള്‍പ്പെടെ നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളടക്കം വെല്‍ഫെയര്‍ കേരള കുവൈത്ത് നടത്തി വരുന്ന ബഹുമുഖമായ പ്രവർത്തനങ്ങൾ നേതാക്കൾ അംബാസഡർക്ക് വിശദീകരിച്ചു. പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മതിപ്പ് രേഖപ്പെടുത്തി.

കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തിന് അംബാസഡറുടെയും എംബസിയുടെയും ഇടപെടലുകൾ വലിയ ആശ്വാസമേകിയതായും പ്രവാസി സമൂഹത്തിന്‍റെ മനസറിഞ്ഞുകൊണ്ട് അവര്‍ക്ക് പ്രതീക്ഷ നല്‍കും വിധം എംബസി നടത്തിക്കൊണ്ടിരിക്കുന്ന വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളെ നേതാക്കൾ മുക്തകണ്ടം പ്രശംസിച്ചു.
പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് നേതാക്കൾ അംബാസഡര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു.

ഇന്ത്യയില്‍ നിന്നും വാക്സിന്‍ സ്വീകരിക്കുന്ന പ്രവാസികളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും വാക്സിന്‍ തീയതിയും രേഖപ്പെടുത്തുക, പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഫണ്ട് കാലതാമസം കൂടാതെ എംബസിയില്‍ നിന്നും ലഭ്യമാക്കുക, മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഫോറങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുക, ഗാര്‍ഹിക തൊഴിലാളികളുടെ നിയമപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എംബസിയുടെ നേതൃത്വത്തില്‍ റുമൈത്തിയ ലേബര്‍ ഓഫീസില്‍ പ്രത്യേക ഹെല്‍പ് ഡെസ്ക് സ്ഥാപിക്കുക , കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ ആധികാരികത ഉറപ്പുവരുത്താന്‍ എംബസിക്ക് കീഴില്‍ പ്രത്യേക ഹെല്‍പ് ഡെസ്ക് സ്ഥാപിക്കുക, കോവിഡ് പ്രതിസന്ധി മൂലം നാട്ടിലകപ്പെട്ട തുച്ഛവരുമാനക്കാരായ പ്രവാസികള്‍ക്ക് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയ വിഷങ്ങള്‍ നേതാക്കൾ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തി.

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കകൾ കേന്ദ്ര സർക്കാറുമായി ബസപ്പെട് പരിഹരിക്കുമെന്ന് അംബാസിഡർ പറഞ്ഞു.

ഇന്ത്യയില്‍ ലോക്ക്ഡൌണ്‍ മൂലം പാസ്പോര്‍ട്ട്‌ ഓഫീസുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ പാസ്പോര്‍ട്ട് പുതുക്കാനാകാതെ ഈയിടെ നിരവധി പ്രവാസികളുടെ വിസ കാന്‍സലായി പോയിരുന്നു. താമസ രേഖ പുതുക്കുന്നതിന് കുറഞ്ഞത് ഒരുവര്‍ഷം പാസ്പോര്‍ട്ട്‌ കാലാവധി വേണമെന്ന നിബന്ധനയില്‍ ഇളവ് ലഭിക്കുന്നതിനു നയതന്ത്ര ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അംബാസഡര്‍ ഉറപ്പു നല്‍കി .

വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡണ്ട്‌ അന്‍വര്‍ സഈദ്‌ , ട്രഷറര്‍ ഷൌക്കത്ത് വളാഞ്ചേരി , വൈസ് പ്രസിഡന്റുമാരായ അനിയന്‍ കുഞ്ഞ് , ലായിക് അഹമ്മദ് , സെക്രെട്ടറിമാരായ വഹീദ ഫൈസല്‍ ,അഷ്ക്കര്‍ മാളിയേക്കല്‍ എന്നിവരാണ് ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ