കുവൈറ്റ് വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിദിന ശേഷി വർധിപ്പിക്കാന്‍ ആലോചന
Saturday, July 31, 2021 11:07 AM IST
കുവൈറ്റ് സിറ്റി : ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കാനിരിക്കെ വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിദിന ശേഷി പതിനായിരമായി വർധിപ്പിക്കാന്‍ ആലോചിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളെ ഏകോപിച്ചു കൊണ്ടാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതോടൊപ്പം യാത്രക്കാരുടെ സുഗമമായ യാത്രാ സൗകര്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയാണ് വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ ശേഷി 10000 ആയി ഉയര്‍ത്തുന്നതെന്ന് സൂചന. അതിനിടെ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് ഉയരുന്നത് തടയുന്നതിനായി യാത്രാ നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട് : സലിം കോട്ടയിൽ