കുവൈറ്റികൾക്ക് വീസ അനുവദിച്ച് യൂറോപ്യൻ യൂണിയൻ
Saturday, September 25, 2021 6:08 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റ്, ചിലി, റുവാണ്ട എന്നീ രാജ്യങ്ങളെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യൻ യൂണിയൻ.

കോവിഡ് രൂക്ഷമായതിനെ തുടർന്നു ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒരു വർഷത്തിനു ശേഷം നീക്കിയത്. നേരത്തെ യുഎസ്, സെർബിയ, അൽബേനിയ, ഇസ്രയേൽ, ജപ്പാൻ, ദക്ഷിണകൊറിയ, ലെബനൻ, ന്യൂസിലൻഡ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വീസ അനുവദിക്കുവാന്‍ തീരുമാനിച്ചിരുന്നു.

വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നതെന്നും യൂറോപ്പിലെത്തുന്ന സഞ്ചാരികൾ കോവിഡ്നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരികൾ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധന ഫലം കൈവശം വയ്ക്കേണ്ടതാണ്.

സലിം കോട്ടയിൽ