കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രേഖകളും ഡിജിറ്റലാകുന്നു
Friday, October 22, 2021 6:20 PM IST
കുവൈറ്റ് സിറ്റി : ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് തുടങ്ങിയ വാഹന സംബന്ധമായ രേഖകളുടെ ഒറിജിനലുകൾക്കു പകരം ഡിജിറ്റൽ പകർപ്പുകളും അംഗീകരിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു.

ഇത്തരം രേഖകളുടെ ഡിറ്റിജൽ പകർപ്പുകൾ മൊബൈൽ ഫോണിൽ മൈ ഐഡന്‍റിറ്റി പോലുള്ളതോ സമാനമായ ആപ്ലിക്കേഷന്‍ വഴിയോ പരിശോധനസമയത്ത് ഹാജരാക്കാം.
അതിനായി ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഇടപാടുകൾ പൂർത്തിയാക്കാൻ നേരത്തെ മൈ ഐഡന്‍റിറ്റി ആപ്ലിക്കേഷന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ്‌ ഗതാഗത വകുപ്പിന്‍റെ പുതിയ തീരുമാനം.

ഇതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഡ്രൈവിംഗ് ലൈസൻസും സിവിൽ ഐഡിയും വാലറ്റിൽ മറന്നാലും ഡിജിറ്റൽ കോപ്പികള്‍ സുരക്ഷാ പരിശോധനയില്‍ കാണിക്കുവാന്‍ കഴിയും.

അതിനിടെ ഗതാഗത പരിശോധനയിലും പോലീസ് പട്രോളിംഗിനും നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുമെന്നും നിയമ ലംഘനം പിടികൂടിയാല്‍ അപ്പോള്‍ തന്നെ ടെക്സ്റ്റ് സന്ദേശത്തിലൂടെ പിഴതുക നിയമലംഘകനെ അറിയിക്കുകയും ചെയ്യും.

ഗതാഗത സംവിധാനം കൂടുതല്‍ ആധുനികതയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ