പക്ഷിപനി: കുവൈറ്റ് പക്ഷി ഇറച്ചിയും മുട്ടകളും നിരോധിച്ചു
Friday, December 3, 2021 3:22 PM IST
കുവൈറ്റ് സിറ്റി : പക്ഷിപനി റിപ്പോർട്ട് ചെയ്തതിനെതുടർന്നു പോളണ്ട്, ഹംഗറി, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിന് കുവൈറ്റ് നിരോധനം ‌ഏർപ്പെടുത്തി.

ബ്രോയിലർ കോഴികളും കുഞ്ഞുങ്ങളേയും മുട്ടകളും നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് അറിയിച്ചു.

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്‍റെ ശിപാർശകളുടെയും നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അതോറിറ്റിയുടെ വക്താവ് തലാൽ അൽ ദൈഹാനി അറിയിച്ചു.

അതേസമയം പക്ഷിപനി റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തിൽ അധികൃതര്‍ കോഴി ഫാമുകളില്‍ പരിശോധനകൾ വ്യാപിപ്പിച്ചു. കുവൈറ്റിൽ ഈ വർഷം ആദ്യം ആയിരകണക്കിന് പക്ഷികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്നു നിരവധി വളർത്തു പക്ഷികൾക്ക് രോഗം സ്ഥിരീകരിക്കുകയും ഇവ ചത്തൊടുങ്ങുകയും ചെയ്തു.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ പക്ഷികളും മൃഗങ്ങളും മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണമെന്നും പുറത്തു നിന്നും വരുന്ന ജീവജാലങ്ങലുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ ഇറക്കുമതി അനുവദിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

സലിം കോട്ടയിൽ