ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്
Monday, October 13, 2025 5:00 PM IST
തിരുവനന്തപുരം: ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെ തുടർന്നാണ് ജനീഷിനെ തെരഞ്ഞെടുത്തത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായും നിയമിച്ചു. അബിൻ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് നിയമനം നടത്തിയത്. തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
പെരുമ്പാവൂര്‍ പോളിടെക്നിക്കിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 2007ൽ കെഎസ്യു മാള നിയോജകമണ്ഡലം പ്രസിഡന്റായും 2012ൽ കെഎസ്യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2017 കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റായി.
2010 മുതൽ 2012വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. 2020 - 23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.