കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ്
Tuesday, January 11, 2022 10:53 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. ബുധനാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തൊഴിലാളികളുടെ എണ്ണം അമ്പത് ശതമാനത്തില്‍ അധികരിക്കരുതെന്ന് മന്ത്രിസഭ കൌണ്‍സില്‍ സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് മസ്റം അറിയിച്ചു.

സർക്കാർ ഓഫീസുകളിലെ വിരലടയാള സംവിധാനം നിര്‍ത്തും, ഓരോ സർക്കാർ ഏജൻസികള്‍ക്കും ജീവനക്കാരുടെ ജോലി സമയം നിർണ്ണയിക്കാനുള്ള അധികാരം . സർക്കാർ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം 50% കവിയാൻ പാടില്ല.സ്വകാര്യമേഖല തൊഴിൽ സ്ഥലങ്ങളിലെ തൊഴിലാളികളുടെ എണ്ണം പരമാവധി കുറയ്ക്കണം.

നഴ്‌സറികളിലെയും കുട്ടികളുടെ ക്ലബ്ബുകളിലെയും തൊഴിലാളികൾ കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കണം, അതുപോലെ തന്നെ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.ബുധനാഴ്ച മുതൽ പൊതുഗതാഗത സംവിധാനത്തില്‍ പരമാവധി അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ കൊണ്ടുപോകാൻ കഴിയൂ.കായിക മത്സരങ്ങള്‍ കാണുന്ന കാണികള്‍ വാക്സിനേഷൻ സ്വീകരിച്ചവരായിരിക്കണം.

അതോടപ്പം ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ തൊഴിലാളികളും സന്ദർശകരും നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണം.എല്ലാ സർക്കാർ ഓഫീസുകളും ഓൺലൈൻ മുഖേന സേവനങ്ങൾ നൽകാനും അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമുണ്ടെങ്കില്‍ അപ്പോയിന്‍റ്മെന്‍റ് മുഖേന മാത്രമായിരിക്കും തുടങ്ങിയവയാണ്‌ മന്തിസഭയുടെ പ്രധാന തീരുമാനങ്ങള്‍.

സലിം കോട്ടയിൽ