എസ്എംസിഎ അംഗങ്ങൾക്ക് ആരോഗ്യ പദ്ധതിയുമായി ഹലാ ക്ലിനിക്
Saturday, January 22, 2022 6:52 AM IST
കുവൈറ്റ് സിറ്റി: ഹവല്ലിയിൽ പ്രവർത്തിക്കുന്ന ഹലാ സൂപ്പർ സ്പെഷാലിറ്റി ക്ലിനിക് എസ്എംസിഎ അംഗങ്ങൾക്കായി പ്രത്യേക ആരോഗ്യ പദ്ധതി നടപ്പാക്കുന്നു.

ഒരുവർഷം നീളുന്ന പദ്ധതിക്ക് ജനുവരി 22 നു (ശനി) വൈകുന്നേരം ഏഴിനു നടക്കുന്ന വെബിനാറോടുകൂടി തുടക്കം കുറിക്കും.

ആരോഗ്യ സെമിനാറുകൾ, പ്രത്യേക സ്പെഷാലിറ്റി കാന്പയിനുകൾ, ഫ്രീ മെഡിക്കൽ ക്യാമ്പുകൾ, ചികിത്സ കൺസൾട്ടേഷൻ എന്നിവക്ക് പ്രത്യേക നിരക്കുകൾ പദ്ധതിയുടെ ഭാഗമാണ്.

എസ്എംസിഎ പ്രസിഡന്‍റ് ബിജോയ് പാലാക്കുന്നേൽ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ നന്ദിയും പറയും. "കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ ഡോ. ആദർശ് അശോകൻ സംസാരിക്കും.

തുടർന്നു നടക്കുന്ന ചോദ്യോത്തര വേളയിൽ എച്ച്എംസിയുടെ മെഡിക്കൽ ഡയറക്ടർ ഡോ.ജെയിംസ്, എൻഡോക്രൈനോളജിസ്റ്റ് ഡോ.ബദൂർ, ഡയബറ്റോളജിസ്റ്റ്, ഡോ. റഷ എന്നിവർ പാനൽ അംഗങ്ങൾ ആയിരിക്കും.

ഫെബ്രുവരി മാസം മുഴുവൻ നീണ്ടു നിൽക്കുന്ന സൗജന്യ ജിപി കൺസൾട്ടൻസി ആണ് ആദ്യ സ്പെഷാലിറ്റി കാന്പയിൻ. കോവിഡ് അനന്തര സംശയ നിവാരണത്തിനും പരിശോധനകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

എസ്എംസിഎ അംഗത്വ കാർഡോ, അംഗത്വ ഡയറക്ടറി കോളത്തിന്‍റെ ഫോണിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോയോ കാണിച്ചാൽ അംഗങ്ങൾക്ക് ഈ സേവനങ്ങൾ ഹലാ ക്ലിക്കിൽ ലഭ്യമാകും.

വിവരങ്ങൾക്ക്: സന്തോഷ് ചക്യത്ത് 97254631.

<‌b>സലിം കോട്ടയിൽ