കേളി യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു; മജ്മ യൂണിറ്റ് വിഭജിച്ച് രണ്ട് യൂണിറ്റുകളാക്കി
Thursday, January 27, 2022 3:47 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായ യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെയാണ് യൂണിറ്റ് സമ്മേളനങ്ങൾ. ഇതിന്‍റെ ഭാഗമായി നടന്ന മലാസ് ഏരിയയിലെ മജ്മ യൂണിറ്റ് കൺവൻഷനിൽ യൂണിറ്റ് വിഭജിച്ച് മജ്മ, ഹോത്ത സുധൈർ എന്നീ രണ്ട് യൂണിറ്റുകൾ നിലവിൽ വന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധീരജ് നഗറിൽ നടന്ന കൺവൻഷനിൽ ഏരിയ കമ്മിറ്റി അംഗം ഡോ.പ്രവീൺ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പ്രതീഷ് അധ്യക്ഷത വഹിച്ചു. കേളി വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കൂട്ടായി കൺവൻഷൻ ഉദഘാടനം ചെയ്തു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഷരീഫ് പ്രവർത്തന റിപ്പോർട്ടും ആക്ടിംഗ് ട്രഷറർ സന്ദീപ് വരവ് ചെലവു റിപ്പോർട്ടും കേളി സെക്രട്ടറിയേറ്റ് അംഗം സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കൂട്ടായി, ആക്ടിംഗ് ട്രഷറർ സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.

മലാസ് ഏരിയ ട്രഷറർ സജിത്ത് രണ്ട് യൂണിറ്റിലേയും അംഗങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു. മുഹമ്മദ് ഷരീഫ് അവതരിപ്പിച്ച മജ്മ യൂണിറ്റ് കമ്മിറ്റിയുടെ പാനലിൽ നിന്നും പ്രതീഷ് പുഷ്പൻ ((പ്രസിഡന്‍റ് ), മുഹമ്മദ് ഷരീഫ് (സെക്രട്ടറി), ഡോ.രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മലാസ് ഏരിയ ജോയിന്‍റ് സെക്രട്ടറി അഷറഫ് അവതരിപ്പിച്ച ഹോത്ത സൂധേർ യൂണിറ്റ് കമ്മിറ്റി പാനലിൽ നിന്നും ബി. ഷൗക്കത്ത് (പ്രസിഡന്‍റ്), മുഹമ്മദ് ഷിജിൻ (സെക്രട്ടറി), അബ്ദുൾ കരീം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഏരിയ സെക്രട്ടറി സുനിൽ ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറയ്ക്കുക, കെ-റെയിൽ പദ്ധതി നടപ്പിലാക്കുക എന്നീ പ്രമേയങ്ങൾ അനീസ്, ഷിജിൻ എന്നിവർ അവതരിപ്പിച്ചു.

മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റിയാസ്, മുകുന്ദൻ, ഇ.കെ. രാജീവൻ, അഷറഫ് പൊന്നാനി, സുജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫൽ, അബ്ദുൾ കരീം, സുനിൽ കുമാർ എന്നിവർ കൺവൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മജ്മ യൂണിറ്റിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി മുഹമ്മദ് ഷരീഫ് നന്ദി പറഞ്ഞു.