കല കുവൈറ്റ്‌ പെനാൽറ്റി ഷൂട്ടൗട്ട്‌ മേള: മംഗഫ്‌ ഡി യൂണിറ്റ്‌ ജേതാക്കൾ
Wednesday, May 18, 2022 1:03 PM IST
സലിം കോട്ടയിൽ
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിനു സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട്‌ മേള‌യിൽ മംഗഫ്‌ ഡി യൂണിറ്റ്‌ ജേതാക്കളായി.

വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ്‌ യൂണിറ്റ്‌ ടീമിനെ പരാജയപെടുത്തിയാണ്‌ മംഗഫ്‌ ഡി യൂണിറ്റ്‌ ജേതാക്കളായത്‌.

അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു 32 ടീമുകൾ മാറ്റുരച്ചു. മംഗഫ്‌ ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

മേഖലാ പ്രസിഡന്‍റ് വിജുമോന്‍റ് അധ്യക്ഷതയിൽ നടന്ന ചടങ്ങ്‌ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്‍റ് ശൈമേഷ് .കെ, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്‍റ് സെക്രട്ടറി ജിതിൻ പ്രകാശ്, കായികവിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മേഖലാ സെക്രട്ടറി ഷൈജു ജോസ് സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ രഞ്ജിത്ത് നന്ദിയും പറഞ്ഞു. കലയുടെ അംഗങ്ങൾക്കുവേണ്ടി നടത്തിയ മേളയിൽ നൂറു കണക്കിന് ആളുകൾ സന്നിഹിതരായിരുന്നു.

മേളയിൽ ക്രമീകരിച്ച ലോകകപ്പ്‌ ട്രോഫിയുടെ വമ്പൻ കട്ടൗട്ടും ലോകകപ്പ്‌ ഫുട്ബോളിനു യോഗ്യത നേടിയ ടീമുകളുടെ പതാകകളും അർജന്‍റീന, ബ്രസീൽ ആരാധകരുടെ ഫ്ലക്സുകളും കാണികൾക്ക്‌ നവ്യാനുഭവമായി. ടി.വി.ഹിക്മത്ത്, ഷാഫി എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Video - https://we.tl/t-kePlRM1afM
WeTransfer - Send Large Files & Share Photos Online - Up to 2GB Free