അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ മാ ക്ലിനിക്കും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കും പ്രവർത്തനം തുടങ്ങി
Saturday, June 25, 2022 9:29 PM IST
അനിൽ സി ഇടിക്കുള
അബുദാബി: ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കും വിദഗ്ദ ഡോക്ടർമാരുടെ പരിചരണം സുഗമമായി ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളോടെ പുതിയ ക്ലിനിക്കുകൾക്ക് തുടക്കമിട്ട് എൽഎൽഎച്ച് ആശുപത്രി. പത്ത് വിദഗ്ദ ഡോക്ടർമാരുടെ സേവനത്തിലൂടെ മാതൃശിശു പരിചരണം ഒരു കുടക്കീഴിൽ കൊണ്ടുവരാനായി മാ ക്ലിനിക്കും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കുമാണ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്.

ആശുപത്രിയിലെ രണ്ടു നിലകളിലായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ അത്യാധുനിക പരിശോധനാ സൗകര്യങ്ങളും സന്ദർശനം സുഗമമാക്കാനുള്ള സംവിധാനങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള വ്യക്തിഗത കാത്തിരിപ്പ് കേന്ദ്രങ്ങൾ, അൾട്രാസൗണ്ട് അടക്കമുള്ള പ്രധാന പരിശോധനകൾക്കുള്ള സൗകര്യം, രോഗീപരിചരണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവ മാ ക്ലിനിക്കിന്‍റെ സവിശേഷതകളാണ്. കാത്തിരിപ്പ് സമയം ഏറ്റവും കുറച്ച് പരിശോധനകളും കൺസൾട്ടേഷനും പൂർത്തിയാക്കാൻ ക്ലിനിക്കിലെ സൗകര്യങ്ങളിലൂടെ സാധിക്കും.

കുട്ടികൾക്ക് പൂർണ്ണമായും ഇണങ്ങുന്ന രീതിയിലും അവരെ ആകർഷിക്കാനുള്ള വിനോദോപാധികളോടെയുമാണ് ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള പ്രത്യേക ഇടവും അവർക്കുള്ള സന്ദേശങ്ങളുമെല്ലാം ക്ലിനിക്കിലുണ്ട്.

എൽഎൽ എച്ച് ആശുപത്രി വനിതാ ഡോക്ടർമാർക്കും അബുദാബിയിലെ പൗര പ്രമുഖർക്കുമൊപ്പം ചലച്ചിത്രതാരം ആർജെ മിഥുനും ലക്ഷ്മി മിഥുനും സംയുക്തമായി ക്ലിനിക്കുകൾ ഉദ്‌ഘാടനം ചെയ്തു. റീജ്യണൽ സിഇഒ സഫീർ അഹമ്മദ്, വിപിഎസ് റീജ്യണൽ മെഡിക്കൽ ഡയറക്ടർ അൻപളകൻ പിള്ള, എൽഎൽഎച്ച് മെഡിക്കൽ ഡയറക്ടർ ഡോ. പദ്മനാഭൻ. പി എന്നിവർ സന്നിഹിതരായിരുന്നു.

രോഗീപരിചരണം മെച്ചപ്പെടുത്താനുള്ള വിപിഎസ് ഹെൽത്ത്കെയറിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ക്ലിനിക്കുകളെന്ന്‌ സഫീർ അഹമ്മദ് പറഞ്ഞു.