ചെക് ഇൻ സർവീസ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു
Saturday, November 26, 2022 11:14 AM IST
അനിൽ സി.ഇടിക്കുള
അബുദാബി ∙ മിനാ ക്രൂസ് ടെർമിനലിലെ മൊറാഫിക് സിറ്റി ടെർമിനൽ ചെക് ഇൻ സർവീസ് സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ്, വിസ് എയർ, ഈജിപ്ത് എയർ വിമാനങ്ങളിലെ യാത്രക്കാർക്ക് സിറ്റി ചെക് ഇൻ സേവനം പ്രയോജനപ്പെടുത്താം.

ഭാവിയിൽ മറ്റു വിമാന യാത്രക്കാർക്കും സേവനം ലഭ്യമാക്കും. അബുദാബി പോർട്ട്, എഡി പോർട്ട് ഗ്രൂപ്പ്, കാപ്പിറ്റൽ ട്രാവൽ, ഇത്തിഹാദ് എയർപോർട്ട് സർവീസസ്, ഒയാസിസ് മിഡിൽ ഈസ്റ്റ്, ടൂറിസം 365 എന്നിവയുടെ സംയുക്ത സംരംഭമായ മൊറാഫിക് ഏവിയേഷൻ സർവീസസ് ആണ് സേവനത്തിനു ചുക്കാൻ പിടിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവൃത്തി സമയം.

യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം. ലഗേജ് ഇവിടെ നൽകി ബോർഡിങ് പാസുമായി വിമാനത്താവളത്തിൽ എത്തിയാൽ മതി. മുതിർന്നവർക്കു 45 ദിർഹം, കുട്ടികൾക്ക് 25, 2 വയസ്സിൽ താഴെയുള്ളവർക്കു 15 ദിർഹം ആണു സേവന നിരക്ക്. നാലംഗ കുടുംബത്തിന് 120 ദിർഹം മതി. എയർപോർട്ടിലെ തിരക്കിൽ നിന്നു രക്ഷപ്പെടാനും ആയാസരഹിതമായി യാത്രാ നടപടികൾ പൂർത്തിയാക്കാനും സിറ്റി ചെക്–ഇൻ സേവനം പ്രയോജനപ്പെടും.

എഡി പോർട്ട് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമാ അൽ ഷാമിസി, അബുദാബി എയർപോർട്സ് സി.ഇ.ഒ എൻജിനീയർ ജമാൽ സാലിം അൽ ദാഹിരി, ഒയാസിസ് മിഡിൽ ഈസ്റ്റ് ചെയർമാനും സിഇഒയുമായ ടിറ്റൻ സി യോഹന്നാൻ, ടൂറിസം 365 സഇഒ റൗള ജോണി, ഇത്തിഹാദ് എയർപോർട്ട് സർവീസസ് (ഗ്രൗണ്ട്) ജനറൽ മാനേജർ ജുബ്രാൻ അൽ ബ്രെക്കി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.