കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ വനിതാദിനാഘോഷം സംഘടിപ്പിച്ചു
Thursday, March 23, 2023 4:04 PM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം കൈരളി ഫുജൈറ ഓഫീസിൽ വച്ച് വിവിധപരിപാടികളോട് കൂടി സംഘടിപ്പിച്ചു.

ഫുജൈറ അൽ ഷാർക്‌ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. റബേക്കാമ്മ ഉമ്മൻ നേതൃത്വം നൽകിയ ആരോഗ്യ പരിപാലന ബോധവല്ക്കരണ ചർച്ചാ ക്ലാസ് വിജ്ഞാനപ്രദമായിരുന്നു.

" ആധുനിക കാലത്തെ വനിതകളുടെ നേട്ടങ്ങളും സാധ്യതകളും" എന്ന വിഷയത്തെ ആസ്പദമാക്കി രേഷ്മ ഷിബു മോഡറേറ്ററായ സംവാദത്തിൽ സ്ത്രീകൾ ഏറെ ആവേശത്തോടെ പങ്കെടുത്തു. ആധുനിക കാലത്ത് സ്ത്രീകൾ ഇത്രത്തോളമെങ്കിലും മുഖ്യധാരാ സമൂഹത്തിൻ്റെ ഭാഗമായി മാറിയതിന് പിന്നിൽ വിസ്മരിക്കാൻ പാടില്ലാത്ത ഒരു ഭൂതകാലമുണ്ടെന്നും സ്ത്രീകൾ കാലഘട്ടത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

കൈരളി അംഗവും മികച്ച ചിത്രകാരിയുമായ ഷീബ സുജിത്തിന്‍റെ ചിത്രകലാപ്രദർശനം അതിജീവന വർണ്ണങ്ങൾ ശ്രദ്ധേയമായി.

കൈരളി സെൻട്രൽ കമ്മറ്റി അംഗം നമിത പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൈരളി ഫുജൈറ യൂണിറ്റ് ജോ. സെക്രട്ടറി ജിസ്റ്റ ജോർജ് സ്വാഗതവും, ഖോർഫക്കാൻ യൂണിറ്റ് കമ്മറ്റി അംഗം രഞ്ജിനി മനോജ്‌ നന്ദിയും പറഞ്ഞു.

കൈരളി വനിതാ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളോടെ വനിതാ ദിനാഘോഷത്തിന് സമാപ്തി കുറിച്ചു.കൈരളിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വനിതാ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമവേദിയായി കൈരളി വനിതാ ദിനാഘോഷം മാറി.