കുവൈറ്റ് തെരഞ്ഞെടുപ്പ് നാളെ
Monday, June 5, 2023 7:19 AM IST
കു​വൈ​റ്റ് സി​റ്റി​യി​ൽ​ നി​ന്ന്ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
കു​വൈ​റ്റി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ട​യി​ലെ മൂ​ന്നാ​മ​ത്തെ ദേ​ശീ​യ അ​സം​ബ്ലി (പാ​ർ​ല​മെ​ന്‍റ്) തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ. 50 ഡി​ഗ്രി സെ​ൽ​ഷസ് വ​രെ​യെ​ത്തു​ന്ന ചൂ​ടുപോ​ലും വ​ക​വ​യ്ക്കാ​തെ ചൂ​ടേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 80,000ത്തിലേ​റെ വോ​ട്ട​ർ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

കു​വൈ​റ്റി​ലെ സാ​ന്പ​ത്തി​ക വി​ക​സ​നം ഏ​റെ​ക്കു​റെ സ്തം​ഭി​പ്പി​ച്ച നി​ല​യ്ക്കാ​ത്ത രാ​ഷ്‌​ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ളെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കു​വൈ​റ്റി​ന്‍റെ 60 വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​കും. പോ​ളിം​ഗി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടിം​ഗ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ മു​ഹൈ​സ​ൻ വ്യ​ക്ത​മാ​ക്കി. 125 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും ന​ഴ്സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും അ​ട​ക്കം മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നാ​യി 10 വീ​തം 50 എം​പി​മാ​രെ​യാ​ണു ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഓ​രോ വോ​ട്ട​ർ​ക്കും അ​വ​രു​ടെ മ​ണ്ഡ​ല​ത്തി​ൽ നാ​ലു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വീ​തം വോ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ് കു​വൈ​റ്റി​ലെ തെരഞ്ഞെടുപ്പു രീ​തി. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​മാ​യി 30 രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ കു​വൈ​റ്റി​ലെ​ത്തി​യി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഫോ​ർ സീ​സ​ണ്‍സ് ഹോ​ട്ട​ലി​ൽ മീ​ഡി​യ സെ​ന്‍റ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 22നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെത്തുട​ർ​ന്ന് രൂ​പീ​ക​രി​ച്ച ദേ​ശീ​യ അ​സം​ബ്ലി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ-​അ​ഹ​മ്മ​ദ് അ​ൽ-​ജാ​ബ​ർ അ​ൽ-​സ​ബാ​ഹ് പി​രി​ച്ചു​വി​ട്ട​തോടെയാ​ണു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്. 2020ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​സം​ബ്ലി​യാ​ണു സ​ർ​ക്കാ​രും എം​പി​മാ​രും ത​മ്മി​ലു​ള്ള നീ​ണ്ട ത​ർ​ക്ക​ങ്ങ​ളെത്തുട​ർ​ന്നു പി​രി​ച്ചു​വി​ട്ട​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള അ​മീ​രി ഉ​ത്ത​ര​വ് ഭ​ര​ണ​ഘ​ട​നാലം​ഘ​ന​മാ​ണെ​ന്നുക​ണ്ടെ​ത്തി​യ​തി​നാൽ ഭ​ര​ണ​ഘ​ട​നാ കോ​ട​തി ഇ​ല​ക്‌​ഷ​ൻ ന​ട​പ​ടി അ​സാ​ധു​വാ​ക്കി. ഇ​തേത്തുട​ർ​ന്നാ​ണു പു​തി​യ അ​സം​ബ്ലി ഒ​ഴി​വാ​ക്കി 2020ലെ ​സ​ഭ പു​നഃ​സ്ഥാ​പി​ച്ച​ത്.