മൃതശരീരത്തിന്‍റെ ഭാരം നോക്കി വിലപേശല്‍: വിമാനകമ്പനികള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
Friday, October 5, 2018 5:05 PM IST
ന്യൂഡൽഹി: മൃതശരീരത്തിന്‍റെ ഭാരം തൂക്കി നോക്കി യാത്രാനിരക്ക് നിര്‍ണയിക്കുന്ന വിമാനകമ്പനികളുടെ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.

മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന ബഹുമാനം കാത്തു സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്ലിന്‍റെ പ്രസിഡന്‍റ് ജോസ് എബ്രാഹമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നാട്ടിലെത്തിക്കേണ്ട മൃതശരീരത്തിന്‍റെ ഭാരം പെട്ടിയടക്കം തൂക്കി നിര്‍ണയിച്ചാണ് നിലവില്‍ വിമാനകമ്പനികള്‍ യാത്രാ നിരക്ക് തിട്ടപ്പെടുത്തുന്നത്. താങ്ങാനാവാത്ത നിരക്കാണ് വിമാന കമ്പനികള്‍ ഇത്തരത്തില്‍ ചുമത്തുന്നത് എന്ന ആക്ഷേപം ഏറെക്കാലമായി നിലവിലുള്ളതാണ്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന 50% ഇളവ് നിര്‍ത്തലാക്കി കഴിഞ്ഞയാഴ്ചയാണ് എയർ ഇന്ത്യ ഉത്തരവിറക്കിയത്. ഇത് പുനഃസ്ഥാപിക്കണമെന്നും കുറഞ്ഞ വേതനമുള്ളവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം എന്ന ആവശ്യവുമായി പ്രവാസി സംഘടനകളും ജനപ്രതിനിധികളും രംഗത്തുവന്നിരുന്നു. ശക്തമായ എതിർപ്പുകളെ തുടർന്ന് എയര്‍ ഇന്ത്യ തീരുമാനം പിൻവലിക്കുകയായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനായി 48 മണിക്കൂർ മുൻപ് എയർപോർട്ടിലെ ഹെൽത്ത് ഓഫീസർക്ക് അറിയിപ്പ് നൽകണം എന്ന എയര്‍ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവും വിവാദമായിരുന്നു. ഇതിനെതിരെ പ്രവാസി ലീഗൽ സെല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചിരുന്നു. കേസ് അന്തിമവാദത്തിനായി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പ്രിയപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ മെഡിക്കൽ, ലീഗൽ നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതുതന്നെ ശ്രമകരമായ കാര്യമാണ്. ഇത് കൂടാതെയാണ് എയർ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനായി ഭീമമായ നിരക്ക് ഇടാക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പ്രവാസികൾക്ക് സ്വകാര്യ വിമാന കമ്പനികളെ ആശ്രയിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല.

വിമാന കമ്പനികൾ തീരുമാനിക്കുന്ന ഭീമമായ യാത്രാ നിരക്ക് താങ്ങാനാവാതെ പ്രവാസികൾ മൃതദേഹങ്ങൾ മറുനാട്ടിൽ ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുവരുന്ന സാഹചര്യങ്ങളും കുറവല്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങള്‍ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതോടെ സാമ്പത്തികമായി ഞെരുക്കത്തിലാകുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം ജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യ മന്ത്രാലയത്തിന് അടുത്തിടെ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള യാത്രാ നിരക്ക് ക്രമപ്പെടുത്തണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടി ഉണ്ടാകണം, മൃതശരീരങ്ങള്‍ തൂക്കി നോക്കി വില നിര്‍ണയിക്കുന്ന രീതി ഇല്ലാതാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ ഹര്‍ജി ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോന്‍, ജസ്റ്റീസ് വി. കെ. റാവു എന്നിവരടങ്ങിയ ബഞ്ച് തിങ്കളാഴ്ച പരിഗണനയ്ക്കെടുക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്