ഒരുക്കങ്ങൾ പൂർണം : നജഫ് ഗഡ് വലിയ പൊങ്കാല ഞായറാഴ്ച
Wednesday, March 20, 2019 8:49 PM IST
ന്യൂഡൽഹി : ചോറ്റാനിക്കരയമ്മയുടെ പഞ്ചലോഹ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ പൊങ്കാലയെന്ന പ്രത്യേകതയോടെ നടക്കുന്ന നജഫ് ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഇരുപതാമത് വലിയ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മാർച്ച് 24-ന് (ഞായർ) രാവിലെ 4:30-ന് നിർമാല്യ ദർശനം. 5 ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശ്, ശശികുമാർ നമ്പൂതിരി തുടങ്ങിയവർ പരികർമികളാകും.

വ്രതശുദ്ധിയോടും ആത്മ സമര്‍പ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തില്‍ അടുപ്പുകൂട്ടി അരി, ശര്‍ക്കര, കശുവണ്ടി, ഉണക്കമുന്തിരി, ഏലക്കായ്, നാളികേരം എന്നിവ വച്ച് തിളച്ചു തൂവി പാകമാക്കുന്ന പായസം തിരുമേനിമാർ തീര്‍ത്ഥം തളിക്കുമ്പോൾ നിവേദ്യമാവും. ഭക്തജനങ്ങൾ ആ നിവേദ്യം ദേവീമന്ത്ര ജപത്തോടെ അഭീഷ്ട വരപ്രദായിനിയായ ചോറ്റാനിക്കര ഭഗവതിക്ക് സമര്‍പ്പിക്കുമ്പോള്‍ ദീര്‍ഘ സുമംഗലീത്വം, മംഗല്യ ഭാഗ്യം, ആയുരാരോഗ്യ സമ്പത്സമൃദ്ധി ഇവയെല്ലാം അരുളി അമ്മ തന്‍റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണ് സങ്കൽപ്പം. മാസംതോറും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടക്കുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കൽ നടക്കുന്ന പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും ഉണ്ടാവും. രാവിലെ 8ന് ശ്രീകോവിലിലെ നെയ്‌വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിനു പുറകുവശത്തെ വയലിൽ പ്രത്യേകം തയാറാക്കി അലങ്കരിച്ച പണ്ടാര അടുപ്പിനരികിലേക്ക് ആനയിച്ചു പ്രത്യേക പൂജകളോടെ പണ്ടാര അടുപ്പിലേക്ക് പകരുമ്പോൾ ഭക്തജനങ്ങള്‍ വയ്ക്കുരവയാല്‍ നജഫ് ഗഡിൽ വിരാജിക്കുന്ന ചോറ്റാനിക്കരയമ്മക്ക് സ്വാഗതമരുളും. തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്നണഞ്ഞ ഭക്ത സഹസ്രങ്ങള്‍ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം ദീപനാളങ്ങൾ കൊളുത്തും. ദേവീമന്ത്ര ജപങ്ങൾ അലയടിക്കുന്ന ക്ഷേത്രാങ്കണം നിമിഷനേരം കൊണ്ട് പൊങ്കാല അടുപ്പുകളില്‍ നിന്നും ഉയരുന്ന ധൂമ പടലങ്ങലാല്‍ യജ്ഞശാലയായ് മാറുമ്പോൾ ശരണാതീർത്ഥം ഓർക്കസ്‌ട്രാ ക്ഷേത്രാങ്കണത്തിൽ ഭക്തിഗാനങ്ങൾ ആലപിക്കും. ഉത്സവത്തിമിര്‍പ്പിനു താളവാദ്യങ്ങൾ മേളപ്പെരുമഴയുതിർക്കുമ്പോൾ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തിരുമേനിമാർ തീര്‍ത്ഥം തളിക്കും. വ്രത ശുദ്ധിയുടെ വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ സൗഭാഗ്യവുമായി കാണിക്കയർപ്പിച്ചു നിവേദ്യം അമ്മക്ക് സമർപ്പിച്ചു ഭക്തസഹസ്രങ്ങൾ സായൂജ്യരാകും. തുടർന്ന് തിരുനടയിലെത്തി സർവാഭരണ വിദൂഷിതയായ ചോറ്റാനിക്കരയമ്മയെ തൊഴുത് അന്നദാനത്തിലും പങ്കെടുത്ത് ഭക്തസഹസ്രങ്ങൾ മടക്കയാത്രക്കൊരുങ്ങും. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പൊങ്കാലദിവസത്തെ മറ്റു പ്രധാന ചടങ്ങുകള്‍.

ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിൽ പൊങ്കലകളും മറ്റു പൂജകളും ബുക്ക്‌ ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോഓർഡിനേറ്റർമാരിൽ നിന്നും ഭക്തജനങ്ങൾക്ക് മുൻകൂട്ടി വാങ്ങാവുന്നതാണ്. പൊങ്കാല ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനുള്ള യാത്രാ സൗകര്യവും ഏരിയ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവയും കൂടാതെ പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടുകൾക്കുമായി പ്രത്യേക കൗണ്ടറും ക്ഷേത്രാങ്കണത്തിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങള്‍ക്ക് 9354984525 (ക്ഷേത്രം), 8800552070 (ജനറൽ സെക്രട്ടറി), 9811744625 (നോയിഡ), 9818204018 (ഇന്ദിരാപുരം, ഗാസിയാബാദ്).

റിപ്പോർട്ട്: പി.എൻ. ഷാജി