സംസ്ഥാനങ്ങളിൽ ഓൺലൈൻ ആർടിഐ സംവിധാനമുണ്ടാകണം: സുപ്രീം കോടതിയിൽ ഹർജി
Thursday, May 16, 2019 4:40 PM IST
ന്യൂഡൽഹി: വിവരാവകാശ നിയമം അനുസരിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും അപ്പീൽ നല്കുന്നതിനുമുള്ള ഓൺലൈൻ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകാനുള്ള നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി സമർപ്പിച്ചു.

വിവരാവകാശ നിയമനുസരിച്ച് അപേക്ഷ നൽകാനുള്ള ഓൺലൈൻ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിൽ വരുത്തണം എന്ന കേന്ദ്ര സർക്കാരിന്‍റെ 2013 -ലെ നിർദ്ദേശം കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇതുവരേയും പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രാഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിലവിൽ മഹാരാഷ്ട്രയിലും ഡൽഹിയിലും മാത്രമാണ് ഓൺലൈൻ വഴിയായി വിവരങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിൽ നിന്നും നേരിട്ടോ തപാൽ വഴിയോ മാത്രമാണ് വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ശേഖരിക്കുവാൻ സാധിക്കുന്നത്. ഇത്തരത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ നൽകുന്നതും മറുപടി അയക്കുന്നതും വളരെ ചെലവേറിയതും സമയം നഷ്ടപ്പെടുത്തുന്നതുമായ കാര്യമാണ്. അപേക്ഷ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ മറുപടികൾ നൽകാത്ത സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. ജീവനോ സ്വത്തിനെയോ ബാധിക്കുന്ന വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ ലഭിക്കാനുള്ള അവകാശം നിയമം ഉറപ്പു വരുത്തുന്നുണ്ടെങ്കിലും തപാൽ വഴിയായി ഇത് ലഭിക്കുന്നത് അസാധ്യമാണ്.

ഓൺലൈൻ സംവിധാനങ്ങളുടെ അഭാവത്തിൽ വിവരാവകാശ നിയമനുസരിച്ച് അപേക്ഷകൾ നൽകാനായി ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്. വിവരാവകാശ നിയമനുസരിച്ച് വിവരം ലഭ്യമാക്കുന്നതിൽ പ്രവാസികളും പ്രവാസ സംഘടനകളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നിരന്തരമായ പരാതികളെ തുടർന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകിയിരുന്നുവെങ്കിലും മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രവാസികൾക്ക് വിവരാവകാശ നിയമം അനുസരിച്ച് വിവരം ലഭിക്കുന്നത്തിനുള്ള യോഗ്യത ഇല്ലെന്നുള്ള കേന്ദ്രഗവൺമെന്‍റിന്‍റെ നിലപാടിനെതിരെ പ്രവാസി ലീഗൽ സെൽ മുൻപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗവൺമെന്‍റ് പിന്നീട് ഈ നിലപാട് തിരുത്തുകയും പ്രവാസികൾക്കും വിവരാവകാശ നിയമം ഉപയോഗിക്കാം എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്തിരുന്നു.

ഡിജിറ്റൽ സംസ്ഥാനം എന്ന് അഭിമാനിക്കുന്ന കേരളവും വിവരാവകാശ നിയമത്തിനുള്ള ഓൺലൈൻ സംവിധാനം നടപ്പിൽ വരുത്തിയിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്. കേരളത്തിൽ വിവരാവകാശ നിയമം ഓൺലൈൻ ആക്കണമെന്ന ആവശ്യമുന്നയിച്ച് പ്രമുഖ വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനു നൽകിയ ഹർജി കേരളാ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അപേക്ഷകൾ നൽകുന്നതും ഫീസ് അടയ്ക്കുന്നതും അപ്പീൽ നൽകുന്നതുമൊക്കെ ഓൺലൈൻ വഴി ആകുമ്പോൾ വളരെ എളുപ്പമുള്ളതും ബുദ്ധിമുട്ടുകൾ കൂടാതെ ചെയ്യാൻ സാധിക്കുന്നതുമാണ്. കൂടാതെ പണച്ചിലവും കുറയും. RTI ഓൺലൈൻ ആക്കുന്നത് ഡിജിറ്റൽ ഭരണത്തിലേയ്ക്ക് രാജ്യത്തെ കൂടുതലായി നയിക്കുകയും ചെയ്യും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്