അടിയന്തരഘട്ടത്തിൽ വിളിക്കാൻ 112
Tuesday, July 2, 2019 8:55 AM IST
ബംഗളൂരു: അടിയന്തരഘട്ടത്തിൽ സഹായത്തിന് വിളിക്കാൻ ഏകീകൃത നമ്പർ നാളെ മുതൽ നിലവിൽ വരും. പോലീസിനെയും ഫയർഫോഴ്സിനെയും അഗ്നിശമനസേനയെയും വിളിക്കാൻ ഇനി 112 എന്ന നമ്പർ ഡയൽ ചെയ്താൽ മതി. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ബംഗളൂരുവിൽ മാത്രം നടപ്പാക്കുന്ന പദ്ധതി പിന്നീട് മറ്റു പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. പൂർണതോതിൽ നടപ്പാക്കുന്നതോടെ പോലീസിന്‍റെ 100 എന്ന നമ്പരും അഗ്നിശമനസേനയുടെ 101, ആംബുലൻസിന്‍റെ 108, വനിതാ ഹെൽപ്‌ലൈനിന്‍റെ 1090 തുടങ്ങിയ നമ്പരുകളും ഇല്ലാതാകും.

രാജ്യമൊട്ടാകെ അടിയന്തരസഹായത്തിന് ഏകീകൃത നമ്പർ സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തും പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 18 സംസ്ഥാനങ്ങളിൽ ഈ സംവിധാനം ആരംഭിച്ചുകഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലും 112 ആണ് അടിയന്തര സഹായത്തിനുള്ള നമ്പരായി ഉപയോഗിക്കുന്നത്.

പുതിയ നമ്പർ‌ വഴിയുള്ള അടിയന്തര സന്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. വിളിക്കുന്നയാളുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാകും.