മെഡിക്കൽ പ്രവേശനം: ഇത്തവണയും പെൺകുട്ടികൾ മുന്നിൽ
Monday, July 15, 2019 10:30 PM IST
ബംഗളൂരു: സംസ്ഥാനത്ത് മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നേടിയവരിൽ കൂടുതലും പെൺകുട്ടികളെന്ന് കണക്കുകൾ. തുടർച്ചയായി മൂന്നാംവർഷമാണ് ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ മെഡിക്കൽ പ്രവേശനം നേടുന്നത്. രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലയുടെ കണക്കുകൾ പ്രകാരം 2018-19 അധ്യയനവർഷം സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലായി 3164 പെൺകുട്ടികളാണ് പ്രവേശനം നേടിയത്. അതേസമയം, ആൺകുട്ടികളുടെ എണ്ണം 3019 ആണ്.

2017-18 വർഷം 3669 പെൺകുട്ടികളും 3397 ആൺകുട്ടികളും പ്രവേശനം നേടിയപ്പോൾ 2016-17 വർഷം 3329 പെൺകുട്ടികളും 3282 പെൺകുട്ടികളുമാണ് പ്രവേശനം നേടിയത്. 2015-16 അധ്യയനവർഷം ആൺകുട്ടികളാണ് കൂടുതൽ പ്രവേശനം നേടിയത്. അന്ന് 2544 ആൺകുട്ടികൾ പ്രവേശനം നേടിയപ്പോൾ 2524 പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. വെറും 20 സീറ്റുകളുടെ വ്യത്യാസം മാത്രം.

അതേസമയം, സർക്കാർ മെഡിക്കൽ കോളജുകളിൽ ഇത്തവണയും ആൺകുട്ടികൾ തന്നെയാണ് എണ്ണത്തിൽ കൂടുതൽ. സ്വകാര്യ കോളജുകളിൽ പെൺകുട്ടികളാണ് കൂടുതൽ. എൻജിനിയറിംഗ് കോഴ്സുകൾക്കും ബിരുദ കോഴ്സുകൾക്കും മുമ്പത്തേക്കാൾ കൂടുതലായി പെൺകുട്ടികൾ പ്രവേശനം നേടുന്ന പ്രവണതയുമുണ്ട്.