നഗരത്തിൽ 500 ഓട്ടോമാറ്റിക് സിഗ്നലുകൾ കൂടി
Friday, July 19, 2019 12:33 AM IST
ബംഗളൂരു: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 500 ഓട്ടോമാറ്റിക് സിഗ്നലുകൾ കൂടി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതോടൊപ്പം നിലവിലുള്ള ട്രാഫിക് സിഗ്നലുകൾ ആധുനികമായി നവീകരിക്കുകയും ചെയ്യും. നഗരത്തിൽ ഇപ്പോൾ 450-ലേറെ ഓട്ടോമാറ്റിക് സിഗ്നലുകളുണ്ട്.

ആദ്യഘട്ടമായി 350 ഓട്ടോമാറ്റിക് സിഗ്നലുകളെ അഡാപ്റ്റീവ് ആക്കി മാറ്റും. ഇവയിൽ ഘടിപ്പിക്കുന്ന സെൻസറുകളും കാമറകളും ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് സിഗ്നൽ ലൈറ്റുകൾ കത്തും. മാനുഷിക ഇടപെടൽ കൂടാതെ തന്നെ തിരക്കനുസരിച്ച് സിഗ്നലിൽ വാഹനങ്ങൾ കടത്തിവിടാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

രണ്ടാം ഘട്ടത്തിൽ എല്ലാ പ്രധാനമേഖലകളിലും 200 ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലുകൾ കൂടി സ്ഥാപിക്കും. അടുത്ത വർഷത്തോടെ ഇവയുടെ എണ്ണം ആയിരമാക്കാനാണ് തീരുമാനമെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ പി. ഹരിശേഖരൻ അറിയിച്ചു.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ് 76 കോടി ചെലവിൽ ഓട്ടോമാറ്റിക് സിഗ്നലുകൾ അപ്ഗ്രേഡ് ചെയ്യുന്നത്. നിലവിൽ 35 ഇടങ്ങളിൽ ഇത്തരത്തിലുള്ള അഡാപ്റ്റീവ് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്.