ജർമൻ ജനതയിൽ അഞ്ചിലൊന്നുപേരും ജീവിക്കുന്നത് ഒറ്റയ്ക്ക്
Saturday, July 20, 2019 9:21 PM IST
ബർലിൻ: ജർമൻ ജനതയിൽ അഞ്ചിലൊന്നാളുകളും ജീവിക്കുന്നത് തനിച്ച്. 17.3 മില്യനാണ് ഇവരുടെ എണ്ണം. കഴിഞ്ഞ വർഷത്തെ വിവരങ്ങൾ വച്ച് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഈ കണക്ക് തയാറാക്കിയിരിക്കുന്നത്. 41.4 മില്യൺ വീടുകളുടെ കണക്ക് ഇതിൽ പരിഗണിച്ചിട്ടുണ്ട്.

1991ലെ ജർമൻ പുനരേകീകരണത്തിനു ശേഷം ഒറ്റയാൾ മാത്രം താമസിക്കുന്ന വീടുകളുടെ എണ്ണം 46 ശതമാനമാണ് വർധിച്ചത്. ഇതേ കാലയളവിൽ, മൂന്നു പേരോ കൂടുതലോ ഉള്ള വീടുകൾ, കുടുംബമായാലും അല്ലെങ്കിലും, ഇരുപതു ശതമാനം കുറയുകയും ചെയ്തു.

യുവ തലമുറ മുൻപത്തേതിനെക്കാൾ കുറഞ്ഞ പ്രായത്തിൽ തന്നെ കുടുംബ വീട് വിട്ട് സ്വന്തമായി താമസിച്ചു തുടങ്ങുന്നത്, ശരാശരി വിവാഹപ്രായം കുറഞ്ഞത്, വിവാഹമോചന നിരക്ക് കൂടിയത് എല്ലാം ഈ പ്രവണതയ്ക്ക് കാരണങ്ങളാണ്.

ഈ വർഷത്തെ കണക്ക് പ്രകാരം ഒറ്റയ്ക്കു ജീവിക്കുന്ന, 49 വയസ് വരെയുള്ള പുരുഷൻമാരാണ് ഒറ്റയാൻമാരിൽ 64.7 ശതമാനവും. ഇതേ പ്രായത്തിൽ, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾ 35.3 ശതമാനം. എന്നാൽ, ഒറ്റയ്ക്കു താമസിക്കുന്ന ആകെ ആളുകളിൽ വെറും പതിനാലു ശതമാനത്തിനു മാത്രമണം ഒറ്റപ്പെടൽ അനുഭവപ്പെടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ