മെൽബണ്‍ സീറോ മലബാർ രൂപത വൈദിക സമിതി, പാസ്റ്ററൽ കൗണ്‍സിൽ യോഗങ്ങൾ ഓഗസ്റ്റ് 1,2,3 തീയതികളിൽ
Thursday, August 1, 2019 7:43 PM IST
മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപത വൈദിക സമിതിയുടെയും പാസ്റ്ററൽ കൗണ്‍സിലിന്‍റെയും യോഗങ്ങൾ ഓഗസ്റ്റ് 1,2,3 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ മെൽബണിൽ നടക്കും.

വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടിന് രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ വൈദിക സമിതിക്ക് തുടക്കം കുറിക്കും. രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും ബിഷപ്പിനൊപ്പം യോഗത്തിൽ പങ്കെടുക്കും.

വെള്ളി രാവിലെ 10 ന് ദിവ്യബലിയോടെ പാസ്റ്ററൽ കൗണ്‍സിൽ യോഗം ആരംഭിക്കും. മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ രൂപതയിലെ എല്ലാ വൈദികരും സഹകാർമികരായിരിക്കും.

ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭയിൽ ആരംഭിച്ചിരിക്കുന്ന പ്ലീനറി കൗണ്‍സിലിലെ ഫെസിലിറ്റേറ്റർ ലാന ടർവി കോളിൻസ് ആമുഖ പ്രഭാഷണം നൽകും. തുടർന്നു നടക്കുന്ന വിവിധ വിഷയാവതരണങ്ങൾക്കും ചർച്ചകൾക്കും രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജീൻ തലാപ്പള്ളിൽ, രൂപത പ്രഫഷണൽ സ്റ്റാൻഡേർഡ്സ് ഡയറക്ടർ ലിസി ട്രീസ, സേഫ്ഗാർഡിംഗ് കോഓർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, യൂത്ത് അപ്പോസ്റ്റ്ലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, ഫിനാൻഷ്യൽ കൗണ്‍സിൽ മെന്പർ ആന്‍റണി ജോസഫ് തുടങ്ങി വിവിധ സംഘടനാ ഭാരവാഹികൾ നേതൃത്വം നൽകും. ശനിയാഴ്ച ഉച്ചയോടു കൂടി സമ്മേളനം സമാപിക്കും.

മെൽബണ്‍ സീറോ മലബാർ രൂപതയിൽ അടുത്ത അഞ്ചു വർഷങ്ങളിലേയ്ക്കുള്ള പ്രവർത്തന മാർഗരേഖ തയാറാക്കുന്നതിനുവേണ്ടിയുള്ള ചർച്ചകൾക്കാണ് ഈ വർഷത്തെ പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിൽ പ്രാമുഖ്യം നൽകുന്നത്. മെൽബണ്‍ സീറോ മലബാർ രൂപതയെ സംബന്ധിച്ചിടത്തോളം രൂപതയുടെ വളർച്ചയിൽ വളരെ പ്രധാനപ്പെട്ട സമ്മേളനമാണ് ഈ വർഷത്തിലെ പാസ്റ്ററൽ കൗണ്‍സിൽ.

രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി വൈദികരും അത്മായപ്രതിനിധികളും ഉൾപ്പെടെ 60 അംഗങ്ങളാണ് പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കുന്നത്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ